ലണ്ടന്‍: ലോകകപ്പ് ചരിത്രത്തിലെ ആദ്യ സൂപ്പര്‍ ഓവര്‍ ഫൈനലില്‍ ക്രിക്കറ്റ് നിയമത്തിന്‍റെ ആനുകൂല്യത്തിലാണ് ഇംഗ്ലണ്ട് കപ്പുയര്‍ത്തിയത്. 100 ഓവറിനും സൂപ്പർ ഓവറിനും ഒടുവില്‍ ഇരുടീമും ഒപ്പത്തിനൊപ്പം നിന്നപ്പോൾ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് ആദ്യ കിരീടം സ്വന്തമാക്കിയത്.

ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായി ലോര്‍ഡ്‌സിലെ അവസാന മണിക്കൂര്‍. ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞപ്പോള്‍ കലാശപ്പോരിന്‍റെ മൂര്‍ച്ചകൂടി. ഒടുവില്‍ ഇംഗ്ലണ്ട് ക്രിക്കറ്റിന്‍റെ തറവാട്ടില്‍ ആദ്യ കപ്പുയര്‍ത്തിയപ്പോള്‍ സൂപ്പര്‍ ഓവര്‍ നിയമത്തിനെതിരായ വിമര്‍ശനങ്ങള്‍ക്കിടയിലും ക്രിക്കറ്റ് ലോകത്തിന് അത് ആഹ്‌ളാദ നിമിഷമായി.

ലോകകപ്പ് നേടിയതിന്‍റെ ആഘോഷങ്ങള്‍ ഇംഗ്ലണ്ടില്‍ തുടരുകയാണ്. ഇതിനിടെ ലോകകപ്പ് കിരീടം ഏറ്റുവാങ്ങി ഇംഗ്ലീഷ് താരങ്ങള്‍ നടത്തിയ ഒരു ആഘോഷത്തിന്‍റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടുന്നത്. കിരീടം ഉയര്‍ത്തിയുള്ള ആഘോഷത്തിന്‍റെ ഭാഗമായി ഇംഗ്ലീഷ് താരങ്ങള്‍ ഷാംപെയ്ന്‍റെ കുപ്പി പൊട്ടിച്ചു.

എന്നാല്‍, അതിവേഗം മോയിന്‍ അലിയും ആദില്‍ റഷീദും ഈ ആഘോഷത്തില്‍ നിന്ന് ഓടി മാറി. ഇസ്ലാം മതവിശ്വാസികളായ താരങ്ങള്‍ ഷാംപെയ്ന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നത് മുമ്പും ശ്രദ്ധനേടിയിട്ടുണ്ട്.

2017ല്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ടെസ്റ്റ് പരമ്പര സ്വന്തമാക്കിയപ്പോഴും 2015ല്‍ ആഷസ് പരമ്പര വിജയിച്ചപ്പോഴും ഇംഗ്ലീഷ് താരങ്ങള്‍ ഷാംപെയ്ന്‍ ആഘോഷത്തില്‍ നിന്ന് വിട്ടുനിന്നത് ആരാധകരുടെ പ്രശംസയ്ക്ക് കാരണമായിരുന്നു.