മാഞ്ചസ്റ്റര്‍: ധോണിക്കെതിരെ വിമർശനങ്ങൾ ഉയരുമ്പോൾ പിന്തുണയുമായി ഇംഗ്ലണ്ടിന്‍റെ മുൻ സ്‌പിന്നർ മോണ്ടി പനേസർ. സമ്മർദങ്ങളിൽ ധോണിയുടെ അനുഭവ സമ്പത്ത് കോലിക്ക് ആശ്വാസമാണെന്ന് അദേഹം പറ‍ഞ്ഞു. സ്‌കോറിംഗ് വേഗക്കുറവ് എന്ന പേരില്‍ ധോണി ഒരു വിഭാഗം ആരാധകരില്‍ നിന്ന് വിമര്‍ശനങ്ങള്‍ നേരിടുമ്പോഴാണ് മുന്‍ താരത്തിന്‍റെ പ്രതികരണം. 

വിരാട് കോലിയുടെ നേതൃത്വത്തിൽ ടീം ഇന്ത്യയുടെ കുതിപ്പിൽ മുൻ നായകൻ ധോണിക്ക് നിർണായക പങ്കുണ്ടെന്നാണ് മോണ്ടി പനേസറിന്‍റെ അഭിപ്രായം. 'നായകനായി കോലി തിളങ്ങുന്നതിന് പിന്നിൽ ധോണിയുടെ തന്ത്രങ്ങളുണ്ട്. നിർണായക ഘട്ടങ്ങളിൽ ഇത് കോലിക്ക് ആശ്വാസമാണ്. ലോകകപ്പ് നേട്ടത്തോടെ വിരമിക്കുക എന്നത് ധോണിക്ക് വലിയ നേട്ടമാണ്. ധോണിയെപ്പോലെ ഒരു താരം ഇത് അർഹിക്കുന്നുണ്ടെന്നും' പനേസര്‍ പറഞ്ഞു. 

'കിരീടസാധ്യതയിൽ ഇന്ത്യയാണ് മുന്നിൽ. ഇംഗ്ലണ്ടിലെ സാഹചര്യത്തോട് വേഗത്തിൽ പൊരുത്തപ്പെടാൻ കഴിഞ്ഞത് ഇന്ത്യയുടെ മുന്നേറ്റത്തിൽ നിർണായകമായി. ഓസ്ട്രേലിയക്കെതിരെയും പാകിസ്ഥാനെതിരെയും നേടിയ വിജയങ്ങൾ ടീമിന്‍റെ മികവിനെ കാണിക്കുന്നതാണെന്നും' അദേഹം പറഞ്ഞു. ലോകകപ്പ് ആദ്യ സെമിയിലെ റിസര്‍വ് ദിനത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും.