ലണ്ടന്‍: ഇന്ത്യയുടെ നിര്‍ണായകമായ നാലാം നമ്പറില്‍ എം എസ് ധോണി വരട്ടെയെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സ്. ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുന്‍പേ ഏറെ ചര്‍ച്ചകള്‍ നടന്ന ബാറ്റിംഗ് പൊസിഷനാണ് നാലാം നമ്പര്‍. 

'നാലാം നമ്പറില്‍ ഒരു താരത്തിന്‍റെ പേര് തനിക്ക് മുന്നോട്ടുവെക്കാനുണ്ട്. നാലാം നമ്പറില്‍ എം എസ് ധോണി വരികയും സ്‌പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയ്‌ക്ക് ഇന്ത്യ പ്ലെയിംഗ് ഇലവനില്‍ അവസരം നല്‍കുകയും ചെയ്യണം' എന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് ഡീന്‍ ജോണ്‍സ് പറഞ്ഞു. പിച്ചിന് വേഗം കുറയുന്നതോടെ ഇടംകൈയന്‍ താരം ഇന്ത്യന്‍ ടീമിന് പ്രയോജനപ്പെടുമെന്നാണ് ഡീന്‍ ജോണ്‍സ് പറയുന്നത്. 

ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ് നിലവില്‍ നാലാം നമ്പറില്‍ കളിക്കുന്നത്. വിജയ് ശങ്കര്‍ പ്രതീക്ഷിച്ച ഉയരങ്ങളിലേക്ക് എത്താത്തതും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ശങ്കറിനെ പിന്തുണച്ച് നായകന്‍ വിരാട് കോലി ഇന്ന് രംഗത്തെത്തി. വിജയ് ശങ്കറിനെ വിമര്‍ശിക്കുന്നവര്‍ പാക്കിസ്ഥാനും അഫ്‌ഗാനിസ്ഥാനും എതിരായ മത്സരങ്ങളിലെ പ്രകടനങ്ങള്‍ കൂടി കാണണമെന്ന് കോലി ആവശ്യപ്പെട്ടു.