മാഞ്ചസ്റ്റര്‍: രവീന്ദ്ര ജഡേജയുടെ ഒറ്റയാള്‍ പോരാട്ടം പാഴായപ്പോള്‍ ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ 18 റണ്‍സിന്‍റെ വിജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് 59 പന്തില്‍ 77 റണ്‍സ് നേടി അതിഗംഭീര പ്രകടനമാണ് ജഡേജ പുറത്തെടുത്തത്. 

ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്‍‍റി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്‍റെ തോല്‍വിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരിക്കുകയാണ്. നിരാശപ്പെടുത്തുന്ന ഫലം എന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്. നിരാശയുണ്ട്, പക്ഷേ അവസാനം വരെ പോരാടിയ ഇന്ത്യയുടെ വീര്യം കാണുന്നതില്‍ സന്തോഷമുണ്ട്.

ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍‍ഡിംഗിലും ഇന്ത്യ ടൂര്‍ണമെന്‍റിലുടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതില്‍ ഏറെ അഭിമാനമുണ്ട്. തോല്‍വിയും വിജയവും ജീവിതത്തിന്‍റെ ഭാഗമാണെന്നും മോദി കുറിച്ചു.