മാഞ്ചസ്റ്റര്‍: പേസര്‍ നവ്‌ദീപ് സെയ്‌നി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം നെറ്റ് ബൗളറായി ചേര്‍ന്നു. സെയ്‌നി മാഞ്ചസ്റ്ററിലെത്തിയ വിവരം ബിസിസിഐയാണ് അറിയിച്ചത്. എന്നാല്‍ പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന്‍റെ ഫിറ്റ്‌നസിനെ കുറിച്ച് പുതിയ വിവരങ്ങള്‍ ബിസിസിഐ പുറത്തുവിട്ടിട്ടില്ല.

'നവ്‌ദീപ് സെയ്‌നി മാഞ്ചസ്റ്ററിലെത്തി. ഇംഗ്ലണ്ടിലുള്ള ഏക ഇന്ത്യന്‍ നെറ്റ് ബൗളറാണ് സെയ്‌നി, അദേഹം ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനം നടത്തും' എന്നും ബിസിസിഐയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

ആര്‍ക്കും പകരക്കാരനായല്ല സെയ്‌നിയെ ബിസിസിഐ ഇംഗ്ലണ്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് വ്യക്തമാണ്. ഇന്ത്യ 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സ്റ്റാന്‍ഡ് ബൈ താരങ്ങളായി നിലനിര്‍ത്തിയിരുന്നവരില്‍ ഒരാളാണ് നവ്‌ദീപ് സെയ്‌നി. വെസ്റ്റ് ഇന്‍ഡീസിന് എതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ അടുത്ത മത്സരം.