മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രാഫോര്‍ഡില്‍ പാക്കിസ്ഥാന്‍ ബൗളര്‍മാരെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കൈകാര്യം ചെയ്തപ്പോള്‍ പിറന്നത് റെക്കോര്‍ഡ്. രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 23.5 ഓവറില്‍ 136 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണിത്. 

ശിഖര്‍ ധവാന് പരിക്കേറ്റതോടെയാണ് രോഹിതിനൊപ്പം രാഹുല്‍ ഓപ്പണറായി എത്തിയത്. കരുതലോടെ കളിച്ചു തുടങ്ങിയ ഇരുവരും അര്‍ദ്ധ സെഞ്ചുറി നേടി. രോഹിത് 35 പന്തിലും രാഹുല്‍ 69 പന്തിലും അമ്പത് തികച്ചു. 24-ാം ഓവറില്‍ ഈ കൂട്ടുകെട്ട് പേസര്‍ വഹാബ് റിയാസാണ് പൊളിച്ചത്. ബാബര്‍ അസമിന് ക്യാച്ച് നല്‍കി 57 റണ്‍സുമായി രാഹുല്‍ പുറത്താവുകയായിരുന്നു.

32 ഓവര്‍ പിന്നിടുമ്പോള്‍ അതിശക്തമായ നിലയിലാണ് ഇന്ത്യ. ഒരു വിക്കറ്റിന് 182 റണ്‍സാണ് അക്കൗണ്ടിലുള്ളത്. രോഹിതും കോലിയുമാണ് ക്രീസില്‍.