ബിര്‍മിംഗ്ഹാം: പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡിന് മോശം തുടക്കം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് 15 ഓവര്‍ പിന്നിടുമ്പോള്‍ നാലിന് 48 എന്ന നിലയിലാണ്. കെയ്ന്‍ വില്യംസണ്‍ (24), ജയിംസ് നീഷാം (1)  എന്നിവരാണ് ക്രീസില്‍. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (5), കോളിന്‍ മണ്‍റോ (12), റോസ് ടെയ്‌ലര്‍ (3), ടോം ലാഥം (1) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റ് വീഴ്ത്തി. 

പാക്കിസ്ഥാന് ഇന്ന് ജയം നിര്‍ബന്ധമാണ്. എന്നാല്‍ മാത്രമെ ലോകകപ്പില്‍ നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. ഒരിക്കല്‍കൂടി കിവീസ് ഓപ്പണര്‍മാര്‍ ടീമിനെ കൈയൊഴിയുന്ന കാഴ്ചയാണ് ബിര്‍മിംഗ്ഹാമില്‍ കണ്ടത്. ഗപ്റ്റില്‍ ആമിറിന്റെ പന്തില്‍ ബൗള്‍ഡായപ്പോള്‍ മണ്‍റോ, അഫ്രീദിയുടെ പന്തില്‍ ഹാരിസ് സൊഹൈലിന് ക്യാച്ച് നല്‍കി മടങ്ങി.

പരിചയ സമ്പന്നായ റോസ് ടെയ്‌ലര്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് അഹമ്മദ് ക്യാച്ച് നല്‍കുകയായിരുന്നു. ടൂര്‍ണമെന്റിലുടനീളം ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ടോം ലാഥവും അഫ്രീദിക്ക് വിക്കറ്റ് നല്‍കി.