ലണ്ടന്‍:  ഇന്ത്യ ലോകകപ്പിന്‍റെ ഫൈനലിലെത്തുമെന്ന് കരുതിയവരാണ് മിക്ക ആരാധകരും.ഫൈനലിനുള്ള ടിക്കറ്റുകളും ആരാധകരില്‍ പലരും ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യ, ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതോടെ ഫൈനല്‍ കാണാനുള്ള ഇന്ത്യന്‍ ആരാധകരുടെ താല്‍പര്യവും നഷ്ടപ്പെട്ടു. ഇതോടെ ഇന്ത്യന്‍ ആരാധകരോട് അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുയാണ് കിവീസ് താരം ജയിംസ് നീഷാം.  

ടിക്കറ്റുകള്‍ കരിഞ്ചന്തയ്ക്ക് വില്‍ക്കുന്നുവെന്ന വാര്‍ത്തയറിഞ്ഞതോടെ നീഷാം ട്വറ്ററിലൂടെ പ്രതികരണം അറിയിക്കുകയായിരുന്നു. അദ്ദേഹം ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചിട്ടു...''പ്രിയപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരോട്. നിങ്ങള്‍ക്ക് ഫൈനല്‍ മത്സരം കാണാന്‍ താല്‍പര്യമില്ലെങ്കില്‍ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ഔദ്യോഗിക പ്ലാറ്റ് ഫോം വഴി വില്‍ക്കുക. ടിക്കറ്റുകള്‍ കരിഞ്ചന്തയ്ക്ക് വില്‍ക്കുന്നുണ്ടെന്ന് അറിയാന്‍ കഴിയുണ്ട്. നിങ്ങളുടെ കയ്യിലുള്ള ടിക്കറ്റുകള്‍ മത്സരം കാണാന്‍ ആഗ്രഹിക്കുന്ന ക്രിക്കറ്റ് ആരാധകര്‍ക്ക് ന്യായമായ വിലയ്ക്ക് ലഭിക്കട്ടെ.''

നാളെ ലോര്‍ഡ്‌സിലാണ് ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ഫൈനല്‍. ഇന്ത്യ ഫൈനല്‍ കളിക്കുമെന്ന പ്രതീക്ഷയില്‍ നിരവധി ടിക്കറ്റുകള്‍ നേരത്തെ വിറ്റഴിഞ്ഞ് പോയിരുന്നു. ഇന്ത്യ സെമിയില്‍ പരാജയപ്പെട്ടതോടെ ടിക്കറ്റുകള്‍ വന്‍വിലയ്ക്കാണ് വില്‍ക്കുന്നത്.