ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡ് തിരിച്ചടിക്കുന്നു. 242 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 32 ഓവറില്‍ നാലിന് 126 എന്ന നിലയിലാണ്. ബെന്‍ സ്‌റ്റോക്‌സ് (21), ജോസ് ബട്‌ലര്‍ (21) എന്നിവരാണ് ക്രീസില്‍. നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 

ജേസണ്‍ റോയ് (17), ജോണി ബെയര്‍സ്‌റ്റോ (36), ജോ റൂട്ട് (7), ഓയിന്‍ മോര്‍ഗന്‍ (9) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. മാറ്റ് ഹെന്റി, കോളിന്‍ ഡി ഗ്രാന്‍ഹോം, ലോക്കി ഫെര്‍ഗൂസണ്‍, ജയിംസ് നീഷാം എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. 

ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. ഹെന്റി നിക്കോള്‍സ് (55), ടോം ലാഥം (47) എന്നിവരുടെ ഇന്നിങ്‌സാണ് കിവീസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ലിയാം പ്ലങ്കറ്റിന്റെ പ്രകടനം ഇംഗ്ലണ്ടിന് തുണയായി. പ്ലങ്കറ്റിന് പുറമെ, ക്രിസ് വോക്‌സും മൂന്ന് വിക്കറ്റ് വീഴ്ത്തി. മാര്‍ക് വുഡ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.