Asianet News MalayalamAsianet News Malayalam

പുതിയ വിശ്വചാമ്പ്യന്‍മാരെ തേടി ഏകദിന ക്രിക്കറ്റ്; ചരിത്രം കുറിക്കാന്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും

ഇന്ത്യയുടെ സ്വപ്നങ്ങള്‍ എറിഞ്ഞിട്ടാണ് ന്യൂസിലന്‍ഡിന്‍റെ വരവ്. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ചാണ് ഇംഗ്ലീഷ് പട കിരീടത്തില്‍ കണ്ണു വച്ചത്

new zealand vs england world cup cricket final 2019
Author
London, First Published Jul 14, 2019, 12:30 AM IST

ലണ്ടന്‍: ഏകദിന ക്രിക്കറ്റിലെ പുതിയ വിശ്വ ചാമ്പ്യന്മാര്‍ ആരെന്നറിയാന്‍ മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ലോര്‍ഡ്സില്‍ ഇറങ്ങുന്നത്. മുമ്പ് മൂന്ന് തവണ ഫൈനല്‍ കളിച്ച ഇംഗ്ലണ്ടും തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിനിറങ്ങുന്ന കിവികളും പോരടിക്കുമ്പോള്‍ ആവേശം അലയടിച്ചുയരുമെന്നുറപ്പ്.

ഇന്ത്യയുടെ സ്വപ്നങ്ങള്‍ എറിഞ്ഞിട്ടാണ് ന്യൂസിലന്‍ഡിന്‍റെ വരവ്. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ചാണ് ഇംഗ്ലീഷ് പട കിരീടത്തില്‍ കണ്ണു വച്ചത്. ആദ്യം ബാറ്റെടുത്താന്‍ മുന്നൂറിന് അപ്പുറമാണ് ഇംഗ്ലണ്ടിന്‍റെ ശീലം. ജേസണ്‍ റോയ്, ജോണി ബെയ്ര്‍‌സ്റ്റോ, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍ - ബാറ്റിലേക്കെത്തുന്ന ആദ്യ പന്തു മുതല്‍ അടിച്ചു പറത്താന്‍ ഒരുപോലെ ശേഷിയുള്ളവര്‍ ചേരുമ്പോള്‍ ഇംഗ്ലീഷ് ബാറ്റിംഗിന്‍റെ ആഴം കിവീസിനെ ഭയപ്പെടുത്തും. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളായ ജോ റൂട്ട് കൂടിയാകുമ്പോള്‍ പറയുകയും വേണ്ട.

കെയ്ന്‍ വില്യംസണിന്റെയും റോസ് ടെയ്‌ലറുടെയും ബാറ്റുകളിലൊതുങ്ങും മറുപടിയിലെ ഉറപ്പ്. ഇംഗ്ലീഷ് ബൗളര്‍മാരെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെങ്കിലും മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഹെന്റി നിക്കോള്‍സ്, ടോം ലാഥം എന്നിവര്‍ പ്രതിഭയ്ക്കൊത്ത് ഉയരുമോയെന്ന ആശങ്കയാണ് ഉയരുന്നത്. ജയിംസ് നീഷം, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ ഇരുതലമൂര്‍ച്ചയുള്ള വാളുകളാണ്.

ബൗളിംഗില്‍ ട്രെന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗ്യൂസണ്‍ നിരയ്ക്കാണ് നേരിയ മുന്‍ തൂക്കം. തുടക്കത്തിലേ വിക്കറ്റ് വീഴ്ത്തുന്ന ശീലം ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ മാര്‍ട്ടിന്‍ ക്രോയുടെ പിന്‍ഗാമികള്‍ക്ക് സ്വപ്നം യാഥാര്‍ത്ഥ്യമാക്കാം. ഇതിനുള്ള ഇംഗ്ലീഷ് മറുപടി ക്രിസ് വോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക് വുഡ്, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ് എന്നിവരുടെ കൈകളിലാണ്.

ആര്‍ച്ചറുടെ വേഗത്തേയും വോക്‌സിന്റെ സ്വിംഗിനെയുമാണ് മോര്‍ഗന്‍ ഉറ്റുനോക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ 119 റണ്‍സിനാണ് ഇംഗ്ലണ്ട് ജയിച്ചത്. എന്നാല്‍ കലാശപ്പോരാട്ടത്തിന്‍റെ സ്വഭാവം മറ്റൊന്നാകുമെന്നാണ് കായികപ്രേമികളുടെ പ്രതീക്ഷ. വില്യംസണോ, മോര്‍ഗനോ ആരാവും ലോര്‍ഡ്‌സില്‍ കപ്പുയര്‍ത്തുക. കാത്തിരിക്കാം ആ ചരിത്ര നിമിഷത്തിനായി. വിശ്വകിരീടം പുതിയ കൈകളില്‍ വിശ്രമിക്കുന്നതോടെ ഇത്തവണത്തെ ലോകമാമാങ്കത്തിന് കൊടിയിറങ്ങും.

Follow Us:
Download App:
  • android
  • ios