ലണ്ടന്‍: വിരാട് കോലിയെ വിമര്‍ശിച്ചതില്‍ മാപ്പ് അപേക്ഷിച്ച് ഇംഗ്ലണ്ട് മുൻ താരം നിക്ക് കോംപ്ടണ്‍. സ്റ്റീവ് സ്മിത്തിനെ കാണികള്‍ പരിഹസിച്ചപ്പോള്‍ കോലി എന്തിന് തടഞ്ഞെന്ന് ചോദിച്ചതിനാണ് ഒടുവില്‍ കോംപ്ടണ്‍ മാപ്പ് ചോദിച്ചിരിക്കുന്നത്.

ഇന്ത്യ- ഓസ്ട്രേലിയ മത്സരത്തിനിടെ സ്റ്റീവ് സ്മിത്ത് ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു ഇന്ത്യൻ ആരാധകരുടെ മോശം പെരുമാറ്റം. പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട സ്മിത്തിനെ കൂവി കളിയാക്കുകയായിരുന്നു. ഇത് ശ്രദ്ധിച്ച വിരാട് കോലി ഇന്ത്യൻ ആരാധകരെ വിലക്കി. മുൻ കളിക്കാരും കമന്‍റേറ്റര്‍മാരുമെല്ലാം ഇന്ത്യൻ നായകനെ പ്രശംസകൊണ്ട് മൂടുകയും ചെയ്തു. എന്നാല്‍ ഇംഗ്ലണ്ട് മുൻ താരം നിക്ക് കോംപ്ടണ്‍ കോലിയെ വിമര്‍ശിച്ചു. 

'സ്മിത്തിനെ കൂവിയവരെ തടയുകയല്ല, അവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നായിരുന്നു കോംപ്ടണിന്‍റെ ട്വീറ്റ്. മദ്യപിച്ച ശേഷമാണോ ഇങ്ങനൊരു ട്വീറ്റെന്ന് ഇന്ത്യൻ താരം മനോജ് തിവാരി ചോദിച്ചു. ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ് നിക്ക് കോംപ്ടണിന്‍റേതെന്ന് മറ്റൊരാള്‍. ഇന്ത്യൻ ആരാധകരെക്കുറിച്ചറിയില്ലെന്നും സംശയമുണ്ടെങ്കില്‍ ടെന്നിസ് താരം മരിയ ഷറപ്പോവയോട് ചോദിച്ചാല്‍ മതിയെന്നും വേറൊരാള്‍. സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിനായിരുന്നു ഷറപ്പോവയുടെ ഫേസ്‌ബുക്ക് പേജില്‍ ഇന്ത്യൻ ആരാധകര്‍ സൈബര്‍ ആക്രമണം നടത്തിയത്. 

കോലിക്കെതിരായ ട്വീറ്റ് വലിയ വിവാദമായതിന് പിന്നാലെയാണ് നിക്ക് കോംപ്ടണ്‍ മാപ്പ് ചോദിച്ചത്. അതിനിടെ സ്റ്റീവ് സ്മിത്തിനെ കളിയാക്കിയ വിഷയത്തില്‍ പാകിസ്ഥാൻ ക്യാപ്റ്റൻ സര്‍ഫ്രാസ് അഹമ്മദിന്‍റെയും പ്രതികരണം വന്നിട്ടുണ്ട്. ഗ്യാലറിയില്‍ പാകിസ്ഥാന്‍ ആരാധകരായിരുന്നെങ്കില്‍ സ്മിത്തിനെ കൂവി പരിഹസിക്കില്ലെന്നാണ് സര്‍ഫ്രാസ് അഹമ്മദ് പറയുന്നത്. കോലിക്കൊപ്പം സമകാലിക ക്രിക്കറ്റിലെ മാസ്റ്ററായി വിലയിരുത്തപ്പെടുന്ന താരമാണ് സ്‌മിത്ത്.