ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യയോടേറ്റ തോല്‍വിക്ക് പിന്നാലെ പാക്കിസ്ഥാന്‍ ടീം കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇരയായിരുന്നു. പാക്കിസ്ഥാനില്‍ ജനരോഷം കത്തുകയാണ്. ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് നിരന്തരം വിമര്‍ശിക്കപ്പെടുന്നുണ്ട്. സെമിയിലെത്താതെ നാട്ടിലേക്ക് വന്നാല്‍ എന്താകും ജനങ്ങളുടെ പ്രതികരണമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഇതിനിടെ സഹതാരങ്ങള്‍ക്ക് മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് സര്‍ഫറാസ്. 

സര്‍ഫറാസ് ടീമംഗങ്ങളോട് പറയുന്നത് ടൂര്‍ണമെന്റിന് ശേഷം നമ്മള്‍ എല്ലാവരുമൊരുമിച്ചാണ് പാക്കിസ്ഥാനിലേക്ക് പോവുകയെന്നാണ്. ക്യാപ്റ്റന്‍ തുടര്‍ന്നു... ''ഞാന്‍ ഒറ്റയ്ക്കല്ല നാട്ടിലേക്ക് മടങ്ങുക. കാര്യങ്ങള്‍ നമുക്ക് അനുകൂലമായി സംഭവിച്ചിട്ടില്ലെങ്കില്‍ ടീമിലുള്ള എല്ലാവരും പാക്കിസ്ഥാനി ജനതയോട് മറുപടി പറയേണ്ടി വരും. മോശം പ്രകടനങ്ങള്‍ മറക്കുക. വരുന്ന നാല് മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രദ്ധിക്കുക.'' സര്‍ഫറാസ് പറഞ്ഞു നിര്‍ത്തി. 

പാക്കിസ്ഥാന്‍ ഒമ്പതാ സ്ഥാനത്താണിപ്പോള്‍. അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഇപ്പോള്‍ പാക്കിസ്ഥാന് പിന്നിലുള്ളത്. അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് പാക്കിസ്ഥാന്റെ അക്കൗണ്ടിലുള്ളത്. 23ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം.