ലണ്ടന്‍: ലോകകപ്പില്‍ മോശം പ്രകടനങ്ങളിലൂടെ തിരിച്ചടികളുടെ നിലയില്ലാകയങ്ങളിലാണ് പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും. ദക്ഷിണാഫ്രിക്കയുടെ സെമി സ്വപ്നങ്ങള്‍ ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു. ഈ മത്സരത്തില്‍ കൂടെ തോല്‍വി പിണഞ്ഞാല്‍ അവസാന നാലില്‍ എത്താതെ സര്‍ഫറാസിനും സംഘത്തിനും നാടുപിടിക്കേണ്ടി വരും.

ആറ് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമാണ് ഹാഫ് ഡൂപ്ലസിക്കും കൂട്ടര്‍ക്കും നേടിയെടുക്കാന്‍ സാധിച്ചത്. ബംഗ്ലാദേശിനോട് അടക്കം തോറ്റമ്പിയ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനോട് മാത്രമാണ് ജയിച്ചു കയറിയത്. മറുവശത്ത് ടീമിന് എന്താണ് സംഭവിച്ചത് എന്നറിയാത്ത അവസ്ഥയിലാണ് പാക്കിസ്ഥാന്‍.

ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ പാക് സംഘം മൂന്ന് മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞു. ഓസ്ട്രേലിയ, ഇന്ത്യ എന്നിവരോടേറ്റ കനത്ത പരാജയത്തിന്‍റെ ആഘാതത്തിലാണ് ദക്ഷിണാഫ്രിക്കയെ നേരിടാന്‍ പാക്കിസ്ഥാന്‍ എത്തുന്നത്. ലണ്ടനിലെ ലോര്‍ഡ്സിലാണ് മത്സരം.

തുടര്‍ച്ചയായി റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്ന ഷൊഐബ് മാലിക്ക് ഇന്ന് ടീമിന് പുറത്താവാനാണ് സാധ്യത. മാലിക്കിന് പകരം ഹാരിസ് സോഹെയ് ടീമിലെത്തിയേക്കും. തോല്‍വികളിലൂടെ കടന്ന് പോകുമ്പോഴും ടീമില്‍ വലിയ മാറ്റമൊന്നും വരുത്താന്‍ ദക്ഷിണാഫ്രിക്ക തുനിഞ്ഞേക്കില്ല.

2009 മുതല്‍ ഐസിസി ടൂര്‍ണമെന്‍റുകളില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ പാക്കിസ്ഥാന് വ്യക്തമായ മേധാവിത്വമുണ്ട്. ആ പ്രതീക്ഷയിലാണ് പാക് പട ഇറങ്ങുന്നത്. മഴമൂലം മത്സരം ഉപേക്ഷിക്കാന്‍ സാധ്യത ഇല്ലെങ്കിലും ഇടയ്ക്കിടെ കളിക്ക് മുടക്കം വന്നേക്കുമെന്നാണ് കാലാവസ്ഥ പ്രവചനങ്ങള്‍.