ലണ്ടന്‍: അവസാന ആറ് കളിയിലും തോറ്റെങ്കിലും ലോകകപ്പിൽ പാകിസ്ഥാൻ ടീം മികച്ച പ്രകടനം നടത്തുമെന്ന് ഉറപ്പാണെന്ന് മുൻ താരവും മുഖ്യ സെലക്ടറുമായ ഇൻസമാം ഉള്‍ ഹഖ്. ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയെ തോൽപിക്കുമെന്നും ഇൻസമാം പറഞ്ഞു. ജൂൺ പതിനാറിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം. ലോകകപ്പ് ചരിത്രത്തിൽ പാകിസ്ഥാൻ ഇതുവരെ ഇന്ത്യയെ തോൽപിച്ചിട്ടില്ല.

ലോകകപ്പിൽ ഇന്ത്യക്കെതിരെ തുടർച്ചയായി തോൽക്കുന്നതിൽ പാകിസ്ഥാൻ ആരാധകർ നിരാശരാണ്. ഇത്തവണ പാക് ടീം ചരിത്രം മാറ്റിയെഴുതും. ആരാധകർ ഈ നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും ഇൻസമാം പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും സന്നാഹ മത്സരത്തിൽ അഫ്ഗാനിസ്ഥാനോടും തോറ്റാണ് പാകിസ്ഥാൻ ലോകകപ്പിന് ഇറങ്ങുന്നത്. പാക്കിസ്‌താന്‍- ബംഗ്ലാദേശ് സന്നാഹ മത്സരം ഒറ്റപ്പന്ത് പോലും എറിയാതെയും ഉപേക്ഷിക്കുകയും ചെയ്തു. മെയ് 30 മുതല്‍ ഇംഗ്ലണ്ടിലും വെയ്‌ല്‍സിലുമായാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ലോകകപ്പിലെ ഉദ്ഘാടന മത്സരം.