ലണ്ടന്‍: ലോകകപ്പില്‍ പോയിന്‍റ് പട്ടികയില്‍ താഴെ നിന്ന് രണ്ടാമതുള്ള പാക്കിസ്ഥാന്‍ ഫൈനല്‍ കളിക്കുമെന്ന അവകാശവാദവുമായി പേസര്‍ വഹാബ് റിയാസ്. അഞ്ച് മത്സരങ്ങള്‍ കളിച്ച പാക്കിസ്ഥാന് ഗ്രൂപ്പ് ഘട്ടത്തില്‍ നാല് മത്സരങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.

'തങ്ങള്‍ക്ക് ശക്തമായി തിരിച്ചെത്താനാകും. മറ്റ് ടീമുകളോളം കരുത്തരാണ്. സമ്മര്‍ദഘട്ടങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ തങ്ങള്‍ക്കാകും. ലോകകപ്പില്‍ സെമിയും ഫൈനലും കളിക്കാന്‍ പാക്കിസ്ഥാന് സാധിക്കുമെന്നും' വഹാബ് റിയാസ് പറഞ്ഞു. കഴിഞ്ഞ മത്സരങ്ങളിലെ തെറ്റുകള്‍ മനസിലാക്കി തിരുത്തുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് പോയിന്‍റ് മാത്രമുള്ള പാക്കിസ്ഥാന്‍ അഫ്‌ഗാനിസ്ഥാന് മുകളിലായി ഒന്‍പതാം സ്ഥാനത്താണ്. കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരു ജയവും മൂന്ന് പോയിന്‍റും മാത്രമാണ് പാക്കിസ്ഥാനുള്ളത്. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയോട് പാക്കിസ്ഥാന്‍ കനത്ത തോല്‍വി വഴങ്ങി. ഞായറാഴ്‌ച ലോര്‍ഡ്‌സില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയാണ് പാക്കിസ്ഥാന്‍റെ അടുത്ത മത്സരം.