മാഞ്ചസ്റ്റര്‍: രവീന്ദ്ര ജഡേജയുടെ ഒറ്റയാള്‍ പോരാട്ടം പാഴായപ്പോള്‍ ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ 18 റണ്‍സിന്‍റെ വിജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് 59 പന്തില്‍ 77 റണ്‍സ് നേടി അതിഗംഭീര പ്രകടനമാണ് ജഡേജ പുറത്തെടുത്തത്.

ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്‍‍റി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ജഡേജ ഔട്ട് ആയ ശേഷം ഇന്ത്യയുടെ പ്രതീക്ഷകള്‍ എല്ലാം ധോണിയിലായിരുന്നു. 48-ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസനെ ആദ്യ പന്തില്‍ തന്നെ സിക്സര്‍ അടിച്ച് ധോണി തുടങ്ങുകയും ചെയ്തു.

എന്നാല്‍, ആ ഓവറിലെ മൂന്നാം പന്തില്‍ നിര്‍ഭാഗ്യം ഇന്ത്യയെ തേടി വന്നു. ഡബിള്‍ എടുക്കാനുള്ള ധോണിയുടെ ശ്രമം റണ്‍ഔട്ടില്‍ കലാശിച്ചു. ഇപ്പോള്‍ ലോകകപ്പിന്‍റെ സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ ഫിറ്റ്‌നസ് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് ശങ്കര്‍ ബസുവും ഫിസിയോ പാട്രിക്കും സ്ഥാനമൊഴിഞ്ഞു.

സ്ഥാനമൊഴിയുകയാണെന്ന് ഇരുവരും ബിസിസിഐയെ അറിയിക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ ടീമിന്‍റെ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് പാട്രിക്കും ബസുവും. യോ -യോ ടെസ്റ്റ് ഇന്ത്യന്‍ നിര്‍ബന്ധമാക്കിയത് ബസുവാണ്.

ബിസിസിഐ ഇരുവരുമായുള്ള കരാര്‍ നീട്ടാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഇരുവരും സ്ഥാനമൊഴിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ സംഘത്തില്‍ നിന്ന് മാറുകയാണെന്ന് ഔദ്യോഗികമായി പാട്രിക് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

ടീമിനൊപ്പമുള്ള അവസാന ദിനം വിചാരിച്ച പോലെയായില്ല. കഴിഞ്ഞ നാല് വര്‍ഷം ഇന്ത്യന്‍ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ ബിസിസിഐയോട് നന്ദി രേഖപ്പെടുത്തുന്നു. ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും പാട്രിക് ട്വീറ്റ് ചെയ്തു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷമാകും ഇരുവര്‍ക്കും പകരക്കാരെ ബിസിസിഐ കണ്ടെത്തുക.