ലണ്ടന്‍: ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് പരിക്ക് ഏല്‍പ്പിച്ച തിരിച്ചടി വലുതായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ കളിയില്‍ പരിക്കേറ്റ ഉസ്മാന്‍ ഖവാജയ്ക്ക് ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായിരുന്നു.

കാല്‍തുടയ്‌ക്കേറ്റ പരിക്കാണ് ഖവാജയ്ക്ക് ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാക്കിയത്. താരത്തിന് മൂന്നോ നാലോ ആഴ്ച വിശ്രമം വേണ്ടിവരുമെന്ന് ഓസീസ് മുഖ്യ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കി. നേരത്തെ, ഷോണ്‍ മാര്‍ഷ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരെയും പരിക്ക് പിടികൂടിയിരുന്നു.

ഇപ്പോള്‍ സെമിയില്‍ ഖവാജയ്ക്ക് പകരം ആദ്യ ഇലവനില്‍ ആര് ഇടം നേടുമെന്ന് പറഞ്ഞിരിക്കുകയാണ് ജസ്റ്റിന്‍ ലാംഗര്‍. മാര്‍ഷിന് പകരക്കാരനായി ടീമിലെത്തിയ പീറ്റര്‍ ഹാന്‍ഡ്സ്കോംബ് ആണ് സെമിയില്‍ കളിക്കുകയെന്നാണ് പരിശീലകന്‍ അറിയിച്ചിരിക്കുന്നത്.

ഓസീസ് ബാറ്റിംഗിന്‍റെ കരുത്ത് വര്‍ധിപ്പിക്കുന്നതാണ് ഈ തീരുമാനം. നേരത്തെ, ഹാന്‍ഡ്സ്കോംബിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയത് ഏറെ വിവാദമായി മാറിയിരുന്നു. ലോകകപ്പിന് മുമ്പ് പാക്കിസ്ഥാനെതിരായ പരമ്പരയില്‍ അത്ര ഫോമില്‍ എത്തിയില്ലെങ്കിലും വര്‍ഷാദ്യം ഇന്ത്യക്കെതിരെ മിന്നുന്ന പ്രകടനമാണ് ഹാന്‍ഡ്സ്കോംബ് പുറത്തെടുത്തിരുന്നത്.

ഇന്ത്യ-ഓസീസ് പരമ്പരയിലെ  നാലാം ഏകദിനത്തിലാണ് ഹാന്‍ഡ്സ്കോംബ് എഫക്ട് കണ്ടത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിഖര്‍ ധവാന്‍റെ സെഞ്ചുറി കരുത്തില്‍ പടുത്തുയര്‍ത്തിയത് 358 റണ്‍സ്. എന്നാല്‍, ശതകം നേടി ഹാന്‍ഡ്സ്കോംബ് തിരിച്ചടിച്ചതോടെ ഓസീസ് വിജയം നേടി.