ദില്ലി: ലോകകപ്പില്‍ ഇതുവരെ പരാജയമൊന്നും വഴങ്ങാതെ മുന്നേറുന്ന ഇന്ത്യക്കേറ്റ വലിയ തിരിച്ചടിയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ പരിക്ക്. കൈവിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് പുറത്തായ താരത്തിന് പകരക്കാരനായി ഋഷഭ് പന്താണ് ടീമില്‍ എത്തിയത്.

ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഇന്ത്യക്ക് ഈ ഇടംകൈയ്യന്‍ ഓപ്പണറുടെ പരിക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.  ഇപ്പോള്‍ ലോകകപ്പില്‍ സെഞ്ചുറി നേടിയ പ്രകടനത്തിന് ശേഷം പരിക്കേറ്റ് പുറത്താകേണ്ട വന്ന ശിഖര്‍ ധവാന് പിന്തുണ നല്‍കി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ ധവാന്‍ വികാരനിര്‍ഭരമായി പോസ്റ്റ് ചെയ്ത കുറിപ്പ് പങ്കുവെച്ചാണ് മോദി പ്രതികരണം നടത്തിയത്. പിച്ച് ധവാനെ മിസ് ചെയ്യുമെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്ന് മോദി കുറിച്ചു.

എത്രയും വേഗം പരിക്കില്‍ നിന്ന് മോചിതനായി കളത്തില്‍ തിരിച്ചെത്താന്‍ ധവാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ വിജയങ്ങള്‍ രാജ്യത്തിന് വേണ്ടി നേടിയെടുക്കാന്‍ താരത്തിന് സാധിക്കുമെന്നും മോദി പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ വിരലിലെ പരിക്ക് ഉടന്‍ ഭേദമാവില്ല. എങ്കിലും കളി തുടരുക തന്നെവേണം. ഈ ഘട്ടത്തില്‍ എന്നെ പിന്തുണച്ച ടീം അംഗങ്ങള്‍ക്കും ആരാധകര്‍ക്കും രാജ്യത്തിനും നന്ദി. ജയ്ഹിന്ദ് എന്നായിരുന്നു ധവാന്റെ ട്വീറ്റ്.