ചെന്നൈ: ഇന്ത്യക്ക് വേണ്ടി രണ്ട് ലോകകപ്പില്‍ ജേഴ്‌സി അണിഞ്ഞ ആര്‍. അശ്വിന് ഇത്തവണ ടീമില്‍ സ്ഥാനം നേടാനായില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്നു അശ്വിന്‍. ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു അശ്വിന്റേത്. ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അശ്വിന്‍. 

സമ്മര്‍ദ്ദഘട്ടങ്ങള്‍ അതിജീവിക്കാനുള്ള കഴിവാണ് ടീം ഇന്ത്യയെ വ്യത്യസ്തമാക്കുന്നതെന്നാണ് അശ്വിന്‍ പറയുന്നത്. അദ്ദേഹം തുടര്‍ന്നു. ഇന്ത്യന്‍ ടീം സമ്മര്‍ദ്ദത്തെ വിജയകരമായി അതിജീവിക്കുന്നു. ഐപിഎല്‍ ടൂര്‍ണമെന്റാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് അത്തരമൊരു കഴിവ് നല്‍കിയത്. പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളില്‍ ഈയൊരു കഴിവ് ഇന്ത്യന്‍ ടീമിന് ഏറെ ഗുണം ചെയ്യും.

ഞാന്‍ ടീമിന്റെ ഭാഗമല്ല, എന്നാല്‍ സ്ഥിരതയാണ് ഒരു ടീമിന് അത്യാവശ്യമായി വേണ്ടത്. ടീം മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കില്‍ അതിലൊരു മാറ്റം വരുത്താതിരിക്കുന്നതാണ് നല്ലത്. എനിക്ക് ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമ്പോള്‍ കഴിവിന്റെ പരമാവധി പുറത്തെടുക്കും.''  32കാരന്‍ പറഞ്ഞു നിര്‍ത്തി.