മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ മിന്നും വിജയം സ്വന്തമാക്കി. രോഹിത് ശര്‍മ സെഞ്ചുറി നേടി ഹീറോ ആയപ്പോല്‍ അര്‍ധ ശതകങ്ങളുമായി വിരാട് കോലിയും കെ എല്‍ രാഹുലും മികവ് കാട്ടി. ഒപ്പം കുല്‍ദീപും വിജയ് ശങ്കറും ഹാര്‍ദിക്കും വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.

ഇപ്പോള്‍ നിര്‍ണായക മത്സരത്തിലെ വിജയത്തിന് ശേഷം തന്‍റെ പ്രകടനത്തെ വിലയിരുത്തുകയാണ് ഇന്ത്യയുടെ ഓപ്പണര്‍ കെ എല്‍ രാഹുല്‍. ധവാന് പകരം ഓപ്പണര്‍ സ്ഥാനത്തേക്ക് എത്തിയ രാഹുല്‍ തന്‍റെ പ്രകടനത്തില്‍ പത്തില്‍ ആറ് മാര്‍ക്കാണ് നല്‍കുന്നത്. രോഹിത് ശര്‍മയ്ക്കൊപ്പം 136 റണ്‍സിന്‍റെ ആദ്യ വിക്കറ്റ് കൂട്ടുക്കെട്ടുണ്ടാക്കിയ രാഹുല്‍ 78 പന്തില്‍ 57 റണ്‍സും നേടിയിരുന്നു.

എന്താണ് പിച്ചിന്‍റെ അവസ്ഥ എന്ന അറിയാതെ എത്തുന്ന ഓപ്പണിംഗ് ബാറ്റ്സ്മാന് ആദ്യ ഓവറുകള്‍ നേരിടുക ഏറെ പ്രയാസകരമാണെന്നന് രാഹുല്‍ പറഞ്ഞു. ആദ്യത്തെ ഓവറുകളിലെ പന്തുകള്‍ കൃത്യമായി ബാറ്റില്‍ കൊള്ളുക എന്നതും ബുദ്ധിമുട്ടാണ്. ലോകകപ്പാണ്, അതും ഇന്ത്യ-പാക് മത്സരമാണ് എന്നൊക്കെയുള്ള ചിന്തകളാകും മനസില്‍.

മഴ മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂടിയിട്ട പിച്ച് എങ്ങനെയാകും എന്നതിനെക്കുറിച്ച് ഒന്നുമറിയാതെയാണ് ബാറ്റ് ചെയ്യാന്‍ എത്തിയത്. മുഹമ്മദ് ആമിര്‍ ഏറെ മികവുറ്റ ബൗളറാണ്. ആദ്യ പന്ത് മുതല്‍ അദ്ദേഹത്തെ സൂക്ഷ്മതയോടെ നേരിടണമെന്ന് തീരുമാനിച്ചിരുന്നു.

പാക്കിസ്ഥാനെതിരെയുള്ള തന്‍റെ ആദ്യ മത്സരം ലോകകപ്പില്‍ ആയിരുന്നതിന്‍റെ എല്ലാ ആവേശവും തനിക്കുണ്ടായിരുന്നതായും രാഹുല്‍ പറഞ്ഞു. രോഹിത്തും ധവാനും ചേര്‍ന്ന മികച്ച ഓപ്പണിംഗ് സഖ്യം നന്നായി മുന്നേറുമ്പോള്‍ ഇത്രനാള്‍ കാത്തിരിക്കേണ്ടി വന്നതില്‍ പ്രശ്നമില്ലെന്നും രാഹുല്‍ വ്യക്തമാക്കി.