ലണ്ടന്‍: ലോകകപ്പില്‍ ടീം ഇന്ത്യ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായിരുന്നു. ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ ടീമാണ് സെമിയില്‍ കീഴടങ്ങിയത്. ഇന്ത്യന്‍ തോല്‍വിയോട് പരിശീലകന്‍ രവി ശാസ്ത്രിയുടെ പ്രതികരണമിങ്ങനെ.

'സെമിയിലെ പുറത്താകല്‍ വേദനിപ്പിച്ചു, നിരാശയുണ്ട്, പക്ഷേ, കണ്ണീര്‍ പൊഴിക്കില്ല. ടീം ഇന്ത്യ കരുത്തുറ്റ സംഘമാണ്. കഴിഞ്ഞ 30 മാസക്കാലം മികച്ച പ്രകടനമാണ് ടീം കാഴ്‌ചവെച്ചത്. നമ്മള്‍ ബൗള്‍ ചെയ്ത രീതി നോക്കുക, ബാറ്റ് ചെയ്തതും കാണുക. കുറച്ച് യുവതാരങ്ങള്‍ മധ്യനിരയിലെത്തിയതോടെ ടീം കൂടുതല്‍ ശക്തമായി. ടീം ശരിയായ പാതയിലാണ്'.

'തലയുയര്‍ത്തി ഇന്ത്യന്‍ ടീമിന് മടങ്ങാം. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തെ ഏറ്റവും മികച്ച ടീമാണിത്. അത് എല്ലാവര്‍ക്കുമറിയാം. ഒരു ടൂര്‍ണമെന്‍റോ, സീരിസോ ഒന്നുമല്ല അതിന്‍റെ അളവുകോല്‍. മികവ് കൊണ്ട് കോലിപ്പട ആദരം സ്വന്തമാക്കിയിട്ടുണ്ട്. നിരാശയുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തെ പ്രകടനത്തെയോര്‍ത്ത് ടീം ഇന്ത്യക്ക് അഭിമാനിക്കാമെന്നും' രവി ശാസ്ത്രി പറഞ്ഞു.