ചെന്നൈ: ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന ഇന്ത്യന്‍ ടീമിന് സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍റെ പ്രശംസ. സമ്മര്‍ദം അതിജീവിക്കാന്‍ മറ്റേത് ടീമിനേക്കാളും നന്നായി ഇന്ത്യന്‍ താരങ്ങള്‍ക്ക് അറിയാമെന്ന് അശ്വിന്‍ പറഞ്ഞു. ഐപിഎല്ലിലെ തിരക്കുപിടിച്ച മത്സരങ്ങളാണ് ഇതിന് കാരണമെന്നും അശ്വിന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

'താനിപ്പോള്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമല്ല. എന്നാല്‍ ടീം സന്തുലിതമാണെന്നാണ് അഭിപ്രായം. ടീം മികച്ച പ്രകടനം കാഴ്‌ചവെക്കുന്നുണ്ടെങ്കില്‍, എന്തെങ്കിലും പരിക്ക് സംഭവിച്ചാലല്ലാതെ താരങ്ങളെ മാറ്റേണ്ട സാഹചര്യമില്ലെന്നും' അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടീമില്‍ ഇടംമില്ലാത്തിനാല്‍ നിരാശനാണോ എന്ന ചോദ്യത്തിന് അശ്വിന്‍റെ മറുപടി ഇതായിരുന്നു. 'ഞാനിപ്പോള്‍ ക്ലബിനായി കളിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ എന്തെങ്കിലും നഷ്ടമായി എന്ന് തോന്നുന്നില്ല. ലോകകപ്പ് ടീമിന്‍റെ ഭാഗമായിരിക്കുക എല്ലാ താരങ്ങളുടെയും ആഗ്രഹമാണ്. എന്നാല്‍ തനിക്ക് ക്ലബ് ക്രിക്കറ്റ് വലിയ അവസരമാണ്. അതിനാല്‍ ടീം സെലക്‌ഷനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും' അശ്വിന്‍ പറഞ്ഞു.