ഡര്‍ഹാം: ക്രിക്കറ്റ് ലോകകപ്പ് ആരംഭിച്ചതോടെ ട്വീറ്റുകളുമായി ട്വിറ്ററില്‍ നിറഞ്ഞുനില്‍ക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. വിവാദമുണ്ടാക്കുന്ന പല ട്വീറ്റുകളും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. കഴിഞ്ഞ  ദിവസം എം.എസ് ധോണിയെ പേരെടുത്ത് വിമര്‍ശിച്ചത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആരാധകരോഷത്തെ തുടര്‍ന്ന് അദ്ദേഹത്തിന് നിലപാട് മാറ്റേണ്ടി വന്നിരുന്നു.

ഇത്രയൊക്കെ ഉണ്ടായിട്ടും ഇന്നലെ വരെ, നിലവില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചുകൊണ്ടിരിക്കുന്നവരില്‍ ഒരാളും അദ്ദേഹത്തിനെതിരെ സംസാരിച്ചിരുന്നില്ല. എന്നാല്‍, മഞ്ജരേക്കര്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. നേരത്തെ മഞ്ജരേക്കര്‍, ജഡേജ ഏകദിനത്തിന് യോജിച്ച താരമല്ലെന്ന് പറഞ്ഞിരുന്നു. ഇതിന് മറുപടി ആയിട്ടാണ് ജഡേജ ട്വീറ്റിട്ടത്. 

മഞ്ജരേക്കര്‍ പറഞ്ഞതിങ്ങനെയായിരുന്നു... ''ഞാനൊരിക്കലും പൂര്‍ണതയില്ലാത്ത താരങ്ങളുടെ ആരാധകനല്ല. 50 ഓവര്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ രവീന്ദ്ര ജഡേജ അങ്ങനേയൊരു താരമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹം നല്ലൊരു ബൗളറാണ്. എന്നാല്‍ ഏകദിനങ്ങളില്‍ എല്ലാം കുറച്ച് കുറച്ച് അറിയുന്ന താരത്തിന് പകരം ഒരു സ്‌പെഷ്യലിസ്റ്റ് ബൗളറേയൊ ബാറ്റ്‌സ്മാനേയോയാണ് ഞാനാഗ്രഹിക്കുന്നത്.'' മഞ്ജരേക്കറുടെ ഈ വാക്കുകളാണ് ജഡേജയെ ചൊടിപ്പിച്ചത്.

എന്നാല്‍ കടുത്ത രീതിയില്‍ തന്നെ ജഡേജ മറുപടി നല്‍കി. ജഡേജ ട്വീറ്റ് ചെയ്തു. '' നിങ്ങള്‍ കളിച്ചതിനേക്കാള്‍ ഇരട്ടി മത്സരങ്ങള്‍ ഞാന്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്നു. നേട്ടങ്ങള്‍ സ്വന്തമാക്കിയ വ്യക്തികളെ ബഹുമാനിക്കാന്‍ പഠിക്കുക. നിങ്ങള്‍ വിടുവായത്തം ഞാന്‍ ഇതിന് മുമ്പും ഒരുപാട് കേട്ടിരിക്കുന്നു.'' ജഡേജ പറഞ്ഞു നിര്‍ത്തി.

എന്തായാലും ഇരുവരും തമ്മിലുള്ള തര്‍ക്കം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ആഘോഷിച്ച് തുടങ്ങി.