ലണ്ടന്‍: ലോകകപ്പില്‍ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് കലാശപ്പോരിന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ലോര്‍ഡ്‌സില്‍ കപ്പ് ആരുയര്‍ത്തുമെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ക്രിക്കറ്റ് പ്രേമികള്‍ ചൂടുപിടിച്ച പ്രവചനങ്ങള്‍ നടത്തുന്നതിനിടെ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗും തന്‍റെ വിജയിയെ പ്രഖ്യാപിച്ചു. 

'ഇംഗ്ലണ്ട് കപ്പുയര്‍ത്തും, ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താന്‍ പ്രയാസമായിരിക്കും എന്ന് ലോകകപ്പിന് മുന്‍പേ താന്‍ പറഞ്ഞിരുന്നു. ഫേവറേറ്റുകളായാണ് ഇംഗ്ലണ്ട് ലോകകപ്പിനിറങ്ങിയത്. അതില്‍ ഇപ്പോഴും മാറ്റമില്ലെന്നും' ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വെബ്‌സൈറ്റിനോട് മുന്‍ ലോകകപ്പ് ചാമ്പ്യനായ റിക്കി പോണ്ടിംഗ് പറഞ്ഞു.

'എന്നാല്‍ ഫൈനലിലെത്താന്‍ ന്യൂസിലന്‍ഡ് കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. തുടര്‍ച്ചയായ രണ്ട് ലോകകപ്പ് ഫൈനലുകള്‍ കളിക്കാനാവുക വലിയ നേട്ടമാണ്. അത് ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ ഗുണം ചെയ്യും. ഇംഗ്ലീഷ് താരങ്ങളില്‍ ആരും ലോകകപ്പ് ഫൈനല്‍ മുന്‍പ് കളിച്ചിട്ടില്ലെന്നും' ബാറ്റിംഗ് ഇതിഹാസം വ്യക്തമാക്കി.