സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ രോഹിതിന് കഴിഞ്ഞേക്കുമെന്ന് പറയാന്‍ കാരണമുണ്ട്. അതിവേഗമാണ് ഹിറ്റ്‌മാന്‍റെ മുന്നേറ്റം. 

ബര്‍മിംഗ്‌ഹാം: ലോകകപ്പില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഒരു റെക്കോര്‍ഡിന് വലിയ ഭീഷണിയുയര്‍ത്തുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ബംഗ്ലാദേശിനെതിരെയും സെഞ്ചുറി നേടിയതോടെ രോഹിത് തന്‍റെ ലോകകപ്പ് ശതകങ്ങളുടെ എണ്ണം അഞ്ചാക്കിയുയര്‍ത്തി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളുടെ(6) റെക്കോര്‍ഡ് സച്ചിന്‍റെ പേരിലാണ്. 

സച്ചിന്‍ 44 ഇന്നിംഗ്‌സുകളില്‍ നിന്ന് ആറ് സെഞ്ചുറികള്‍ നേടിയപ്പോള്‍ രോഹിതിന് അഞ്ച് സെഞ്ചുറികളിലെത്താന്‍ 15 ഇന്നിംഗ്‌സുകളെ വേണ്ടിവന്നുള്ളൂ. ഇതാണ് സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ രോഹിതിന് മുന്നില്‍ സാധ്യതകളുണ്ട് എന്ന് പറയാന്‍ കാരണം. ലോകകപ്പില്‍ അഞ്ച് സെഞ്ചുറികള്‍ നേടിയ മറ്റ് താരങ്ങളായ പോണ്ടിംഗിന് 42 ഇന്നിംഗ്‌സുകളും സംഗക്കാരയ്‌ക്ക് 35 ഇന്നിംഗ്‌സുകളും വേണ്ടിവന്നു എന്നതും ശ്രദ്ധേയമാണ്. 

ബംഗ്ലാദേശിനെതിരെ രോഹിത് 90 പന്തില്‍ അഞ്ച് സിക്‌സുകളടക്കം സെഞ്ചുറി പൂര്‍ത്തിയാക്കി. ഏകദിനത്തില്‍ ഹിറ്റ്‌മാന്‍റെ 26-ാം ശതകവും ഈ ലോകകപ്പിലെ നാലാം സെഞ്ചുറിയുമാണിത്. എന്നാല്‍ 92 പന്തില്‍ 104 റണ്‍സെടുത്ത രോഹിതിനെ 30-ാം ഓവറിലെ രണ്ടാം പന്തില്‍ സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ ദാസിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.