ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് മുഹമ്മദ് ഷമിക്ക് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടികൊടുത്തത്. എന്നാല്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും ഷമിക്ക് കളിക്കാന്‍ കഴിഞ്ഞിട്ടില്ല. ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതോടെ ഷമിക്ക് കളിക്കാനുള്ള അവസരം തെളിഞ്ഞിരിക്കുകയാണ്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഷമി ടീമിലെത്തും. അതിനിടെ ഷമിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന വാക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

ഭുവനേശ്വറിന് പകരം ഷമി കളിക്കാനെത്തിയാല്‍ അത് ടീമിന് ഗുണം ചെയ്യുമെന്നാണ് സച്ചിന്‍ പറയുന്നത്. സച്ചിന്‍ തുടര്‍ന്നു... ''എല്ലാവരും ചിന്തിക്കുന്നതിനേക്കാള്‍ മൂര്‍ച്ചയുണ്ട് ഷമിയുടെ പന്തുകള്‍ക്ക്. ബൗള്‍ ചെയ്യാന്‍ അദ്ദേഹമെടുക്കുന്ന റണ്ണപ്പ് പോലും മനോഹരമാണ്. അടുത്ത മത്സരം ഷമി കളിക്കുകയാണെങ്കില്‍ അദ്ദേഹം എതിര്‍ടീമില്‍ അപകടം വിതയ്ക്കും. കൃത്യമായ ഇടവേളികള്‍ വിക്കറ്റ് നേടാന്‍ ശേഷിയുള്ള ബൗളറാണ് ഷമി.

പരിക്ക് കാരണം ശിഖര്‍ ധവാനെ നഷ്ടമായത് നിര്‍ഭാഗ്യകരമായിപ്പോയി. എന്നാല്‍ കെ.എല്‍ രാഹുല്‍ തുണയായി. അതുപോലെ ഷമിയും ഇന്ത്യയുടെ വിജങ്ങളില്‍ നിര്‍ണായക പങ്കാളിയാവും.'' സച്ചിന്‍ പറഞ്ഞു നിര്‍ത്തി.