ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മറ്റൊരു ലോകകപ്പ് റെക്കോഡ് കൂടി ഓര്‍മയായി. ഇന്നലെ അഫ്ഗാനിസ്ഥാന്‍ താരം ഇക്രം അലി ഖില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 86 റണ്‍സ് നേടിയപ്പോഴാണ് പുതിയ റെക്കോഡ് പിറന്നത്.

ഹെഡിങ്‌ലി: ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മറ്റൊരു ലോകകപ്പ് റെക്കോഡ് കൂടി ഓര്‍മയായി. ഇന്നലെ അഫ്ഗാനിസ്ഥാന്‍ താരം ഇക്രം അലി ഖില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 86 റണ്‍സ് നേടിയപ്പോഴാണ് പുതിയ റെക്കോഡ് പിറന്നത്. 18 വയസ് മാത്രമാണ് ഖില്ലിന്റെ പ്രായം. 18ാം വയസില്‍ ലോകകപ്പിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമയാവുകയായിരുന്നു ഖില്‍. 1992 ലോകകപ്പില്‍ സച്ചിന്‍ നേടിയ 84 റണ്‍സാണ് ഖില്‍ തകര്‍ത്തത്.

92 പന്തില്‍ നിന്നായിരുന്നു ഖില്ലിന്റെ നേട്ടം. ഇതോടെ 27 വര്‍ഷം മുമ്പുള്ള റെക്കോഡ് പഴങ്കഥയുകയായിരുന്നു. ഖില്‍ തിളങ്ങിയെങ്കിലും മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ 23 റണ്‍സിന് പരാജയപ്പെട്ടിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡ് തകര്‍ക്കാന്‍ സാധിച്ചത് നേട്ടമായി കരുതുന്നുവെന്ന് ഖില്‍ പിന്നീട് പറഞ്ഞു. 

എന്നാല്‍ മുന്‍ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാരയാണ് ഖില്ലിന്റെ റോള്‍ മോഡല്‍. അഫ്ഗാന്‍ വിക്കറ്റ് കീപ്പര്‍ തുടര്‍ന്നു.. ''സച്ചിനെ പോലെ ഇതിഹാസ താരത്തിന്റെ റെക്കോഡ് തകര്‍ക്കാന്‍ സാധിച്ചത് ഏറെ സന്തോഷം നല്‍കുന്നു. അതില്‍ അഭിമാനമുണ്ട്. എന്നാല്‍ മുന്‍ ശ്രീലങ്കന്‍ കുമാര്‍ സംഗക്കാരയാണ് എന്റെ ഇഷ്ടപ്പെട്ട താരം.'' ഖില്‍ പറഞ്ഞു നിര്‍ത്തി.