ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ലോകകപ്പ് ഫൈനലിനെ കുറിച്ചുള്ള മഞ്ജരേക്കറുടെ ട്വീറ്റിനെയാണ് ആരാധകര്‍ ട്രോളുന്നത്.
ലണ്ടന്‍: മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ക്ക് അത്ര നല്ല ഓര്‍മ്മയായിരിക്കില്ല ഈ ലോകകപ്പ്. രവീന്ദ്ര ജഡേജയെ തട്ടിക്കൂട്ട് കളിക്കാരനെന്ന് വിളിച്ച മഞ്ജരേക്കര്‍ക്ക് കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നത്. ഇതിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് ശേഷം ജഡേജ ഒരു പൂര്‍ണ ക്രിക്കറ്ററാണെന്ന് മഞ്ജരേക്കര്‍ തിരുത്തി.
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തോല്‍വിയില്‍ എം എസ് ധോണിയെ കുറ്റപ്പെടുത്തി രംഗത്തെത്തിയതിനും മഞ്ജരേക്കര്‍ക്ക് ആരാധകരില്‍ നിന്ന് നന്നായി കിട്ടിയിരുന്നു. മലക്കം മറിഞ്ഞ താരം ഇംഗ്ലണ്ടിനെതിരായ തോല്‍വിയില്‍ ധോണിയെ മാത്രം കുറ്റംപറഞ്ഞിട്ട് കാര്യമില്ലെന്ന് വിശദീകരണവുമായി രംഗത്തെത്തി. വീണ്ടും മഞ്ജരേക്കരുടെ ഇരട്ടത്താപ്പ് ആരാധകര്‍ പൊളിച്ചടുക്കുകയാണ്.
ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ലോകകപ്പ് ഫൈനലിനെ കുറിച്ചുള്ള മഞ്ജരേക്കറുടെ ട്വീറ്റാണ് ഇപ്പോഴത്തെ ചര്‍ച്ച. 'നിങ്ങള്‍ വിധിയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് ന്യൂസിലന്‍ഡ്, ലോജിക്കിലാണെങ്കില്‍ ഇംഗ്ലണ്ട്'. ഇതായിരുന്നു ലോകകപ്പ് ജേതാക്കളെ കുറിച്ച് മഞ്ജരേക്കറുടെ പ്രവചനം. ഇത്തവണയും ആരാധകര്‍ മുന്‍ താരത്തെ വെറുതെ വിട്ടില്ല.
