ലണ്ടന്‍: ലോകകപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടമാണ് പരമ്പരാഗത വൈരികളായ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം. അതിനാല്‍ കഴിവിന്‍റെ നൂറ് ശതമാനവും പുറത്തെടുക്കാതെ ടീമുകള്‍ക്ക് ജയിക്കാനാവില്ല. അതിലേറെ വലിയ സമ്മര്‍ദവും താരങ്ങളിലുണ്ടാകും. മത്സരത്തിന് മുന്‍പ് തന്‍റെ സഹതാരങ്ങള്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്.

മത്സരത്തിന് മുന്‍പ് ഫീല്‍ഡിംഗ് മെച്ചപ്പെടുത്തേണ്ടതുണ്ട്. ഫീല്‍ഡിംഗ് ഇതുവരെ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല. ഇന്ത്യക്കെതിരായ മത്സരത്തിന് മുന്‍പ് ഫീല്‍ഡിംഗ് മെച്ചപ്പെടുത്താന്‍ ടീം വീണ്ടും പരിശീലനം നടത്തുമെന്നും സര്‍ഫ്രാസ് അഹമ്മദ് പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ പാക് ഫീല്‍ഡര്‍മാര്‍ ആരോണ്‍ ഫിഞ്ചിനെ നിലത്തിട്ടതടക്കം വന്‍ പിഴവുകള്‍ വരുത്തിയിരുന്നു. 

ലോകകപ്പില്‍ ഇന്ത്യന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് പാക്കിസ്ഥാന് എതിരെയുള്ളത്. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ മികച്ച റെക്കോര്‍ഡാണ് ഇന്ത്യയുടേത്. ആറ് തവണ ഏറ്റുമുട്ടിയപ്പോള്‍ ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാനായിട്ടില്ല. ഞായറാഴ്‌ച ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ലോകകപ്പിലെ ഏറ്റവും വാശിയേറിയ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം.