എന്തായാലും മഴനിയമ പ്രകാരം വിജയലക്ഷ്യം തീരുമാനിക്കുന്നതിനേക്കാള്‍ ഇന്ത്യക്ക് ഗുണകരമാണ് ഇപ്പോള്‍ കളി റിസര്‍വ് ദിനത്തിലേക്ക് മാറ്റിയത്. ഒരുപക്ഷേ കളി വീണ്ടും ആരംഭിച്ചിരുന്നെങ്കില്‍ മഴനിയമ പ്രകാരം നിശ്ചയിച്ച വിജയലക്ഷ്യത്തിലേക്ക് വേണമായിരുന്നു ഇന്ത്യ ബാറ്റേന്തണ്ടത്

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ആദ്യ സെമി പോരാട്ടം മഴ മൂലം റിസര്‍വ് ദിനത്തിലേക്ക് മാറ്റിയത് ഇന്ത്യക്ക് ഗുണകരം. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരം മുറുകുന്നതിനിടെയാണ് രസംകൊല്ലിയായി മഴ എത്തിയത്. ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയത്താണ് മഴ എത്തിയത്.

ഇതുമൂലം മണിക്കൂറുകളായി കളി തടസപ്പെട്ടിരുന്നു. ഏതെങ്കിലും തരത്തില്‍ മത്സരം തുടരാനുള്ള എല്ലാ ശ്രമങ്ങളും നടത്തി നോക്കിയെങ്കിലും ഇടവിട്ട് മഴ എത്തിയതോടെ ഇന്നത്തെ കളി ഉപേക്ഷിക്കാന്‍ തീരുമാനം എടുക്കുകയായിരുന്നു. എന്തായാലും മഴനിയമ പ്രകാരം വിജയലക്ഷ്യം തീരുമാനിക്കുന്നതിനേക്കാള്‍ ഇന്ത്യക്ക് ഗുണകരമാണ് ഇപ്പോള്‍ കളി റിസര്‍വ് ദിനത്തിലേക്ക് മാറ്റിയത്.

ഒരുപക്ഷേ കളി വീണ്ടും ആരംഭിച്ചിരുന്നെങ്കില്‍ മഴനിയമ പ്രകാരം നിശ്ചയിച്ച വിജയലക്ഷ്യത്തിലേക്ക് വേണമായിരുന്നു ഇന്ത്യ ബാറ്റേന്തണ്ടത്. ഇത് സംബന്ധിച്ച് ക്രിക്കറ്റ് സ്ഥിതിവിവര കണക്ക് വിദഗ്ധന്‍ മോഹന്‍ദാസ് മേനോന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. 20 ഓവര്‍ വരെ മത്സരം ചുരുക്കിയാലുള്ള വിജയലക്ഷ്യങ്ങള്‍ അദ്ദേഹം ട്വീറ്റ് ചെയ്തു.

കിവീസിന്‍റെ സ്കോര്‍ ഇപ്പോള്‍ ഉള്ളതില്‍ അവസാനിച്ചാല്‍ 46 ഓവറില്‍ ഇന്ത്യന്‍ വിജയലക്ഷ്യം 237 റണ്‍സായിരിക്കും. 40 ഓവറായി കളി ചുരുങ്ങിയാല്‍ ലക്ഷ്യം 223 ആകും. 35 ഓവറായാല്‍ 209, 30 ഓവറായാല്‍ 192, 25 ഓവറായാല്‍ 172, 20 ഓവറായാല്‍ 148 എന്നിങ്ങനെയാണ് കണക്കുകള്‍. മഴ കൂടുതല്‍ നീണ്ടതോടെ 20 ഓവര്‍ കളി നടക്കാനായിരുന്നു സാധ്യതകള്‍ കൂടുതല്‍.

അങ്ങനെ വന്നാല്‍ നനഞ്ഞ ഔട്ട്ഫീല്‍ഡും സാഹര്യങ്ങളുമെല്ലാം ഇന്ത്യന്‍ ബാറ്റിംഗിനെ ദുഷ്കരമാക്കുമായിരുന്നു. ന്യൂസിലന്‍ഡിനെ എറിഞ്ഞൊതുക്കിയതിന്‍റെ അനുകൂല സാഹചര്യം ഇന്ത്യക്ക് മുതലാക്കാനാകാതെ പോകുകയും ചെയ്തേനെ. റിസര്‍വ് ദിനത്തിലേക്ക് കളി മാറ്റിയതോടെ ഇന്ത്യ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന അതേ അവസ്ഥയില്‍ തന്നെ കളി പുനരാരംഭിക്കാന്‍ സാധിക്കും.