ദില്ലി: ലോകകപ്പില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് പരമ്പരാഗത വൈരികളായ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം. മാഞ്ചസ്റ്ററില്‍ ജൂൺ പതിനാറിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ക്രിക്കറ്റ് യുദ്ധം അരങ്ങേറുക. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ഈ മത്സരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ ഓപ്പണറും എംപിയുമായ ഗൗതം ഗംഭീര്‍ ഇക്കാര്യം ആവര്‍ത്തിച്ചു.

എന്നാല്‍ ഗംഭീറിന് കടുത്ത ഭാഷയിലാണ് പാക്കിസ്ഥാന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി മറുപടി കൊടുത്തത്. 'ഗംഭീര്‍ പറഞ്ഞത് വിവേകപൂര്‍വമുള്ള അഭിപ്രായമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. വിവേകമുള്ള മനുഷ്യന്‍ പറയുന്നതാണ് ഇക്കാര്യം എന്ന് തോന്നുന്നുണ്ടോ. വിദ്യാഭ്യാസമുള്ളവര്‍ ഇങ്ങനെ പറയുമോ'- ഒരു വാര്‍ത്താസമ്മേളനത്തില്‍ ഗംഭീറിനെ ശക്തമായ ഭാഷയില്‍ കുറ്റപ്പെടുത്തി അഫ്രീദി പറഞ്ഞു.

ക്രിക്കറ്റ് പിച്ചിന് പുറത്ത് അഫ്രീദി- ഗംഭീര്‍ പോര് തുടങ്ങിയിട്ട് കുറച്ച് നാളുകളായി. ഗംഭീറിന് പെരുമാറ്റ പ്രശ്‌നമുണ്ടെന്ന് അഫ്രീദി തന്‍റെ ആത്മകഥയായ ഗെയിം ചേഞ്ചറില്‍ എഴുതിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഈ ആത്മകഥയ്ക്ക് പിന്നാലെ ഇരുവരും പലതവണ കോര്‍ത്തു. മെഡിക്കല്‍ ടൂറിസത്തിന് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്ക് ഇപ്പോഴും തങ്ങള്‍ വിസ അനുവദിക്കുന്നുണ്ട്. അഫ്രീദിയെ മാനസികാരോഗ്യ വിദഗ്ധന്‍റെ അടുത്തെത്തിക്കാന്‍ താന്‍ തയ്യാറാണെന്നും ഗംഭീര്‍ തിരിച്ചടിച്ചു. 

'ചില വൈരികള്‍ വ്യക്തിപരമാണ്, ചിലത് പ്രൊഫണലിസത്തിന്‍റെ ഭാഗവും. ഗംഭീറിന്‍റെ കേസ് നോക്കിയാല്‍ അയാള്‍ക്ക് പെരുമാറ്റ പ്രശ്‌നമാണ്. ഗംഭീറിന് വ്യക്തിത്വമില്ല. വലിയ സംഭവമായി നടിക്കുമ്പോഴും മികച്ച റെക്കോര്‍ഡ് അയാള്‍ക്കില്ല. സന്തോഷമുള്ള, പോസിറ്റീവായ ആളുകളെയാണ് തനിക്കിഷ്ടം. അവര്‍ അക്രമണോത്‌സുകരോ മത്സരബുദ്ധിയുള്ളവരോ ആണോ എന്നത് പ്രശ്‌നമല്ല. എന്നാല്‍ പോസിറ്റീവായിരിക്കണം. ഗംഭീറിന് അതില്ലെന്നുമാണ്' അഫ്രീദി ഗെയിം ചേഞ്ചറില്‍ എഴുതിയത്.