ലണ്ടന്‍: ലോകകപ്പ് സെമിയിലെത്തുക എന്ന് സ്വപ്നത്തിന് തൊട്ടടുത്ത് എത്തി നില്‍ക്കുകയാണ് ബംഗ്ലാദേശ്. അവസാന നാലില്‍ എത്തുകയെന്ന് പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ബംഗ്ലാദേശിന് മുന്നിലുള്ളത് വലിയ വലിയ കടമ്പയാണ്. ഇന്ത്യ എന്ന വന്‍മരത്തെ വീഴ്ത്തുക എന്നത് അത്ര എളുപ്പമല്ലെന്ന് ബംഗ്ലാദേശിന് തന്നെ അറിയുന്ന കാര്യവുമാണ്.

ഷാക്കിബ് അല്‍ ഹസന്‍ എന്ന ഓള്‍റൗണ്ടറിന്‍റെ മികവിലാണ് ലോകകപ്പില്‍ മികച്ച പ്രകടനം ബംഗ്ലാദേശ് കാഴ്ചവെച്ചത്. ഇപ്പോള്‍ ഇന്ത്യയെ നേരിടും മുമ്പ് മത്സരത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഷാക്കിബ്. ലോകകപ്പിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളില്‍ ഒന്നാണ് ഇന്ത്യക്കെതിരെ ഉള്ളത്.

ലോകകപ്പ് നേടാന്‍ സാധ്യത കൂടുതലുള്ളവരാണ് ഇന്ത്യ. അതിനാല്‍ ആ മത്സരം ഒരിക്കലും എളുപ്പമായിരിക്കില്ലെന്ന് അറിയാം. കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം ആ കളിയില്‍ കാഴ്ചവെയ്ക്കേണ്ടി വരുമെന്ന വ്യക്തതയുണ്ടെന്നും ഷാക്കിബ് പറഞ്ഞു. ഒറ്റയ്ക്ക് മത്സരം വിജയിപ്പിക്കാന്‍ സാധിക്കുന്ന ലോകോത്തര താരങ്ങള്‍ ഇന്ത്യക്കുണ്ട്. പക്ഷേ, തന്‍റെ ടീമില്‍ വിശ്വാസമുണ്ടെന്നും ഷാക്കിബ് കൂട്ടിച്ചേര്‍ത്തു.  ജൂലെെ രണ്ട് ബിര്‍മിംഗ്ഹാമിലാണ് ഇന്ത്യ-ബംഗ്ലാദേശ് മത്സരം.