ടോന്‍റണ്‍: കരിയറിലെ സ്വപ്‌ന തുല്യമായ ഫോമിലാണ് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍. ലോകകപ്പില്‍ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വീതം സെഞ്ചുറിയും അര്‍ദ്ധ സെഞ്ചുറികളുമാണ് ഷാക്കിബ് സ്വന്തമാക്കിയത്. ഷാക്കിബിന്‍റെ ഈ ഫോം കണ്ട് ക്രിക്കറ്റ് ലോകം അത്ഭുതം കൊള്ളുക സ്വാഭാവികം. 

വെസ്റ്റ് ഇന്‍ഡീസിന് എതിരായ മത്സരശേഷം തന്‍റെ മിന്നും പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഷാക്കിബ് അല്‍ ഹസന്‍. ഏത് സമ്മര്‍ദഘട്ടവും അതിജീവിക്കാന്‍ കഠിന പ്രയത്‌നങ്ങളാണ് നടത്തുന്നത്. കോച്ചിംഗ് സ്റ്റാഫിനാണ് ക്രഡിറ്റ് നല്‍കേണ്ടത്. താരങ്ങളാരും പരിഭ്രാന്തരാകാതിരിക്കാന്‍ അവര്‍ അതീവ ജാഗ്രതയിലാണ്. അവരുടെ പിന്തുണയാണ് തങ്ങള്‍ ജയിക്കുന്നതില്‍ നിര്‍ണായകമാകുന്നതെന്നും ഷാക്കിബ് പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരെ ബംഗ്ലാ കടുവകള്‍ ഏഴ് വിക്കറ്റിന് ജയിച്ചപ്പോള്‍ ലോകകപ്പിലെ രണ്ടാം സെഞ്ചുറിയുമായി ഷാക്കിബായിരുന്നു താരം. ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ 384 റണ്‍സുമായി മുന്നിലാണ് ഷാക്കിബ്.  75, 64, 121, 124 എന്നിങ്ങനെയാണ് ഈ ലോകകപ്പില്‍ ഷാക്കിബിന്‍റെ സ്‌കോറുകള്‍.