മാഞ്ചസ്റ്റര്‍: എതിര്‍ ടീമിലെ താരങ്ങളുടെ വിക്കറ്റ് നേടുമ്പോഴുള്ള ആഘോഷമാണ് വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്ട്‌റെലിനെ മറ്റുള്ള താരങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇന്നലെ ഇന്ത്യക്കെതിരെ രണ്ട് വിക്കറ്റാണ് കോട്ട്‌റെല്‍ നേടിയത്. അതിലൊന്ന് മുഹമ്മദ് ഷമിയുടെ വിക്കറ്റായിരുന്നു. കോട്ട്‌റെല്‍ തന്റെ പതിവ് രീതി കൈവിട്ടില്ല. ഒരു സല്യൂട്ടങ്ങ് വച്ചുകൊടുത്തു.  

എന്നാല്‍ ഷമിയും വെറുതെയിരുന്നില്ല. വിന്‍ഡീസിന്‍റെ ബാറ്റിങ്ങിനിടെ കോട്ട്‌റെലിന്റെ വിക്കറ്റ് നേടാനായില്ലെങ്കിലും പുറത്തായി പോകുന്നതിനിടെ ഷമിയും കൊടുത്തു ഒരു സല്യൂട്ട്. പല തരത്തിലാണ് ആളുകള്‍ ഷമിയുടെ സല്യൂട്ടിനോട് പ്രതികരിച്ചത്. ചിലര്‍ ഷമിയുടെ ആഘോഷം ആസ്വദിച്ചു. മറ്റുചിലര്‍ ഷമി ചെയ്തത് പരിഹാസമായി പോയെന്ന് അഭിപ്രായം പറഞ്ഞു. എന്തായാലും അവസാനം മറുപടിയുമായി കോട്ട്‌റെല്‍ തന്നെ രംഗത്തെത്തി.

ട്വിറ്ററിലൂടെയാണ് കോട്ട്‌റെലിന്റെ മറുപടിയെത്തിയത്. പരിഹാസം കലര്‍ന്ന മറുപടിയായിരുന്നു കോട്ട്‌റെലിന്റേത്. അതും ഹിന്ദിയില്‍. മറുപടിയിങ്ങനെ... ''വലിയ തമാശ..! തകര്‍പ്പന്‍ ബൗളിങ്. മറ്റൊരാളോട് ആരാധനയുണ്ടാവുമ്പോഴാണ് അയാളെ അനുകരിക്കാന്‍ ശ്രമിക്കുന്നത്.'' കൂടെ ഒരു കണ്ണടച്ച സ്‌മൈലിയും നല്‍കിയിട്ടുണ്ട്. ഫോക്സ് സ്പോര്‍ട്സ് ഏഷ്യയുടെ വാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു കോട്ട്റെലിന്‍റെ ട്വീറ്റ്.