മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബൗളിംഗ് തെരഞ്ഞടുത്ത പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെ വിമര്‍ശിച്ച് ഷൊയൈബ് അക്‌തര്‍ രംഗത്തെത്തിയിരുന്നു. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കോലിയുടെ തെറ്റ് സര്‍ഫ്രാസ് ആവര്‍ത്തിച്ചു എന്നായിരുന്നു അക്തറിന്‍റെ വാക്കുകള്‍.

അക്‌തറിന്‍റെ പ്രവചനം ശരിയാണെന്ന് ഓള്‍ഡ് ട്രാഫോര്‍ഡിലെ മത്സരം തെളിയിച്ചു. വമ്പന്‍ പോരാട്ടത്തില്‍ മഴനിയമം പ്രകാരം 89 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി വഴങ്ങി പാക്കിസ്ഥാന്‍ ടീം. മഴ താറുമാറാക്കിയ കളിയില്‍ വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി ചുരുക്കിയപ്പോള്‍ പാക്കിസ്ഥാന് ആറ് വിക്കറ്റിന് 212 റണ്‍സ് മാത്രമാണ് നേടാനായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 336-5 എന്ന സ്‌കോര്‍ നേടിയിരുന്നു.

2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ടോസ് നേടിയ കോലി ബാറ്റിംഗിനയച്ചപ്പോള്‍ പാക്കിസ്ഥാന്‍ 50 ഓവറില്‍ 338-4 എന്ന കൂറ്റന്‍ സ്‌കോറാണ് നേടിയത്. ഫഖര്‍ സമാന്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ഇന്ത്യ 31 ഓവറില്‍ 158 റണ്‍സില്‍ പുറത്തായി. ടോസ് നേടിയിട്ടും ബൗളിംഗ് ചെയ്യാനുള്ള കോലിയുടെ തീരുമാനം അന്ന് വിമര്‍ശിക്കപ്പെട്ടിരുന്നു.