കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഷമിയിപ്പോഴെന്നും  ഇന്ത്യന്‍ ടീം അത് പരമാവധി ഉപയോഗിക്കണമെന്നും ഗാംഗുലി പറഞ്ഞു.ഭുവനേശ്വര്‍ ഫോമിലല്ലെങ്കിലും പന്ത്  സ്വിംഗ് ചെയ്യുന്ന സാഹചര്യങ്ങളില്‍ ഭുവി ഫോമിലാവുമെന്നാണ് പ്രതീക്ഷയെന്നും ഗാംഗുലി വ്യക്തമാക്കി

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ന്യൂബോള്‍ എറിയേണ്ടത് ജസ്പ്രീത് ബൂമ്രയും മുഹമ്മദ് ഷമിയുമാണെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ലോകകപ്പ് സന്നാഹമത്സരത്തില്‍ ഭുവനേശ്വര്‍ കുമാറും ബൂമ്രയുമാണ് ഇന്ത്യയുടെ ന്യൂബോള്‍ പങ്കിട്ടത്. ബൂമ്ര മികച്ച രീതിയില്‍ എറിഞ്ഞപ്പോള്‍ ഭുവി റണ്‍സ് വഴങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗാംഗുലിയുടെ പ്രതികരണം.

കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഷമിയിപ്പോഴെന്നും ഇന്ത്യന്‍ ടീം അത് പരമാവധി ഉപയോഗിക്കണമെന്നും ഗാംഗുലി പറഞ്ഞു.ഭുവനേശ്വര്‍ ഫോമിലല്ലെങ്കിലും പന്ത് സ്വിംഗ് ചെയ്യുന്ന സാഹചര്യങ്ങളില്‍ ഭുവി ഫോമിലാവുമെന്നാണ് പ്രതീക്ഷയെന്നും ഗാംഗുലി വ്യക്തമാക്കി. ഐപിഎല്ലില്‍ മാത്രമല്ല കഴിഞ്ഞ സീസണ്‍ മുഴുവന്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ബൗളറാണ് ഷമി.എന്നാല്‍ കഴിഞ്ഞ നാലഞ്ചു മാസമായി ഭുവി ഫോം ഔട്ടാണ്. ഞാന്‍ ഭുവിയുടെ ഒരു ആരാധകനാണ്. അതുകണ്ടുതന്നെ അദ്ദേഹം ശക്തമായി തിരിച്ചുവരുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ. എന്നാല്‍ ലോകകപ്പിന്റെ തുടക്കത്തിലെങ്കിലും ഇന്ത്യ ബൂമ്ര, ഷമി, പാണ്ഡ്യ പേസ് ത്രയത്തെ പരീക്ഷിക്കണമെന്നാണ് എന്റ അഭിപ്രായം.

ഐപിഎല്ലിനിടെ ഞാന്‍ സഹീര്‍ ഖാനുമായി സംസാരിച്ചിരുന്നു. സമീപകാലത്തൊന്നും ഇന്ത്യന്‍ ബൗളര്‍മാര്‍ ഇത്രത്തോളം മികച്ച രീതിയില്‍ പന്തെറിയുന്നത് കണ്ടിട്ടില്ലെന്നാണ് സഹീര്‍ പറഞ്ഞത്. അവസാന ഓവറുകളില്‍ ഷമിയുടെ ബൗളിംഗ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് യോര്‍ക്കറുകളെറിയുന്നതില്‍. ലോകകപ്പില്‍ അവസാന ഓവറുകളില്‍ ബുമ്രയുടെയും ഷമിയുടെയും ബൗളിംഗാകും നിര്‍ണായകമാവുകയെന്നും ഗാംഗുലി പറഞ്ഞു.