ലണ്ടന്‍: ശ്രീലങ്കന്‍ പേസര്‍ നുവാന്‍ പ്രദീപ് ലോകകപ്പില്‍ നിന്ന് പുറത്ത്. ചിക്കന്‍പോക്‌സ് ബാധിച്ചതിനെ തുടര്‍ന്നാണ് താരത്തെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയത്. നുവാന് പകരക്കാരനായി കുസന്‍ രജിതയെ ഐസിസി ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ചു.

നേരത്തെ ബംഗ്ലാദേശിനെതിരായ മത്സരം വിരലിന് പരിക്കേറ്റതിനാല്‍ താരത്തിന് കളിക്കാനായിരുന്നില്ല. മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റുകളാണ് ഈ ലോകകപ്പില്‍ നുവാന്‍ വീഴ്‌ത്തിയത്. ഇതില്‍ അഫ്‌ഗാനെതിരെ നേടിയ നാല് വിക്കറ്റും ഉള്‍പ്പെടുന്നു. 

ലങ്കന്‍ സ്‌ക്വാഡിനൊപ്പം സ്റ്റാന്‍ഡ് ബൈ താരമായുണ്ടായിരുന്നു രജിത. ഈ വര്‍ഷം ആദ്യം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയിലാണ് താരം അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്. ആകെ ആറ് ഏകദിനങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റാണ് രജിതയുടെ അക്കൗണ്ടിലുള്ളത്.

ലോകകപ്പില്‍ ലീഗ് ഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനും ഇന്ത്യക്കും എതിരെ ലങ്കയ്‌ക്ക് മത്സരം ബാക്കിയുണ്ട്. ഏഴ് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് ശ്രീലങ്ക.