ലണ്ടന്‍: ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്‌മിത്തിനെ കൂവിയ കാണികളെ ശാന്തമാക്കിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഇതിഹാസങ്ങളുടെ ഉള്‍പ്പെടെ പ്രശംസ കിട്ടിയിരുന്നു. ഓവലില്‍ ജൂണ്‍ 9ന് നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ മത്സരത്തിലാണ് കോലി ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി വാങ്ങിയത്. 

ദിവസങ്ങള്‍ക്ക് ശേഷം കോലിക്ക് നന്ദിയിറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് മുന്‍ നായകന്‍. സ്നേഹത്തിന്‍റെ അടയാളമായിരുന്നു കോലിയുടേത് എന്നാണ് സ്മിത്തിന്‍റെ പ്രതികരണം. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിട്ടതാണ് സ്റ്റീവ് സ്‌മിത്തിനെ കാണികളില്‍ ഒരു വിഭാഗം കൂവാന്‍ കാരണം. 

ഓവലില്‍ സ്‌മിത്ത് ബൗണ്ടറിക്കരികില്‍ എത്തിയപ്പോള്‍ കൂവി ആരാധകര്‍ വരവേല്‍ക്കുകയായിരുന്നു. എന്നാല്‍ കാണികള്‍ക്ക് നേരെ തിരിഞ്ഞ് നിശബ്ദമാകാന്‍ പറഞ്ഞ കോലി താരങ്ങളെ കയ്യടിച്ച് പ്രേത്സാഹിപ്പിക്കാനും ആവശ്യപ്പെട്ടു. ഇന്ത്യന്‍ ആരാധകരുടെ മോശം പെരുമാറ്റത്തില്‍ മത്സരശേഷം സ്‌മിത്തിനോട് മാപ്പ് ചോദിക്കുകയും ചെയ്തു കോലി.