മുംബൈ: ലോകകപ്പ് സെമിയില്‍ പുറത്തായെങ്കിലും കോലിപ്പടയെ പ്രശംസിച്ച് ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി. വിരാട് കോലി, താങ്കള്‍ നേതൃത്വം നല്‍കുന്ന ടീം അഭിമാനിക്കാന്‍ കഴിയുന്ന പ്രകടനമാണ് കാഴ്‌ചവെച്ചത്. വിജയത്തിന് വാരകളകലെ മാത്രം അവസാനിച്ച മിന്നും കുതിപ്പായിരുന്നു ഇന്ത്യയുടേത്. നിങ്ങള്‍ ഉടന്‍ ശക്തമായി തിരിച്ചെത്തുമെന്ന് എനിക്കുറപ്പാണ്. ടീമിനെയോര്‍ത്ത്  അഭിമാനിക്കുന്നതായും ഛേത്രി കുറിച്ചു. 

ലോകകപ്പിലെ ഫേവറേറ്റുകളില്‍ ഒന്നായാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിലെത്തിയത്. ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തി ടീം അത് തെളിയിച്ചു. എന്നാല്‍ സെമിയില്‍ ന്യൂസിലന്‍ഡിനോട് കോലിപ്പടയ്‌ക്ക് കാലിടറി. ആദ്യം ബാറ്റ് ചെയ്ത കിവികളെ 239/8 എന്ന സ്‌കോറില്‍ ചുരുക്കിയെങ്കിലും മറുപടി പോരാട്ടം 18 റണ്‍സ് അകലെ അവസാനിക്കുകയായിരുന്നു.