ലോകകപ്പിലെ ഇന്ത്യ- ശ്രീലങ്ക മത്സരത്തോടെ ഇയാൻ ഗൗൾഡ് അംപയറുടെ തൊപ്പിയഴിക്കും 

ലീഡ്‌സ്: ലോകകപ്പില്‍ ഇന്ത്യ- ശ്രീലങ്ക മത്സരം ഒരു വിരമിക്കലിന് കൂടിയാണ് വേദിയാകുന്നത്. ഇംഗ്ലീഷ് അംപയര്‍ ഇയാൻ ഗൗൾഡിന്‍റെ അവസാന അന്താരാഷ്ട്ര മത്സരമാണിത്. 74 ടെസ്റ്റുകള്‍ നിയന്ത്രിച്ചിട്ടുള്ള ഇയാൻ ഗൗൾഡിന്‍റെ 104-ാം ഏകദിനമാണ് ഇന്നത്തേത്. ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച അംപയര്‍മാരില്‍ ഒരാളായാണ് ഗൗൾഡ് വിലയിരുത്തപ്പെടുന്നത്. 

ഐസിസി ലോകകപ്പില്‍ നാല് ടൂര്‍ണമെന്‍റുകളില്‍ ഇയാൻ ഗൗൾഡ് മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. 2011 ലോകകപ്പില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ സെമി ഫൈനല്‍ നിയന്ത്രിച്ചത് ഗൗൾഡായിരുന്നു. 1983 ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ വിക്കറ്റ് കീപ്പറായിരുന്ന ഇയാൻ ഗൗൾഡ് 18 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസിലും ലിസ്റ്റ് എ ടൂര്‍ണമെന്‍റുകളിലുമായി 600ലധികം മത്സരങ്ങളും കളിച്ചു.

അറുപത്തിയൊന്നുകാരനായ ഇയാൻ ഗൗൾഡ് 13 വര്‍ഷം മുന്‍പ് ഇംഗ്ലണ്ട്- ശ്രീലങ്ക ടി20 നിയന്ത്രിച്ചാണ് അംപയറിംഗ് കരിയറിന് തുടക്കമിട്ടത്. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഇതേ ടീമുകള്‍ തമ്മിലുള്ള ഏകദിന മത്സരവും നിയന്ത്രിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടന്ന 2009ലെ ഐസിസി ചാമ്പ്യന്‍‌സ് ട്രോഫി ഫൈനല്‍ നിയന്ത്രിച്ച് ഐസിസി എലൈറ്റ് പാനലില്‍ ഇയാൻ ഗൗൾഡ് ഇടംപിടിച്ചു.