ലണ്ടന്‍: ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടിയ വിജയ് ശങ്കര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മോശം ഫോമിലായിരുന്നു. ഇതോടെ താരം ലോകകപ്പ് കളിക്കാന്‍ അര്‍ഹനല്ലെന്ന് പലരും വാദിച്ചു. ലോകകപ്പില്‍ നാലാം നമ്പറിലാണ് വിജയ് ശങ്കറെ കളിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഐപിഎല്‍ ഫോം ആശങ്കകളുണര്‍ത്തി. പലരും താരത്തിനെതിരെ തിരിഞ്ഞു. എന്നാല്‍ എന്റെ ഫോമിനെ കുറിച്ച് ആരും ആശങ്കപ്പെടേണ്ടെന്നാണ് വിജയ് ശങ്കര്‍ പറയുന്നത്.

ശങ്കര്‍ തുടര്‍ന്നു... എനിക്കറിയാം എന്റെ നാലാം നമ്പര്‍ സ്ഥാനത്തെ കുറിച്ച് ഒരുപാട് ചര്‍ച്ച നടക്കുന്നുവെന്ന്്. ഒരു ക്രിക്കറ്റര്‍ എന്ന നിലയ്ക്ക് ഇത്തരം കാര്യങ്ങള്‍ അഭിമുഖികരിക്കേണ്ടി വരും. എന്നാല്‍ ലോകകപ്പ് പോലെ ഒരു ടൂര്‍ണമെന്റിന് ഒരുങ്ങുമ്പോള്‍ കരുത്ത് ചോരാതെ നോക്കണം. 

ഞാനിപ്പോള്‍ എന്റെ കഴിവില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. ഐപിഎല്ലിന് ശേഷം ലോകകപ്പിന് മാനസികമായും ശാരീരികമായും തയ്യാറാണ്. ഇത്തരം കാര്യങ്ങള്‍ മുമ്പും സംഭവിച്ചിട്ടുണ്ട്. അതില്‍ നിന്നെല്ലാം കരകയറിയിട്ടുമുണ്ട്. ലോകകപ്പില്‍ മികച്ച പ്രകടനം നടത്താനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.