ബിര്‍മിംഗ്ഹാം: ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തില്‍ പാക്കിസ്ഥാന്‍ ആരാധകരുടെ പിന്തുണ ഇന്ത്യക്കായിരിക്കുമെന്നതില്‍ സംശയമൊന്നുമില്ല. കാരണം ഇന്ത്യ വിജയിക്കേണ്ടത് അവരുടെ കൂടി ആവശ്യമാണ്. എങ്കില്‍ മാത്രമേ സര്‍ഫറാസിനും സംഘത്തിനും സെമിയില്‍ കടക്കാന്‍ കഴിയൂ. ഇക്കാര്യം നല്ലപോലെ അറിയാവുന്നവനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ടോസിന് ശേഷം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. 

ഇന്ത്യ ജയിച്ചാല്‍ മറ്റു ടീമുകള്‍ക്കുള്ള സാധ്യതകളെ കുറിച്ച് ആലോചിട്ടുണ്ടോ എന്നുള്ള ചോദ്യത്തിനായിരുന്നു നായകന്റെ മറുപടി. കോലി പറഞ്ഞതിങ്ങനെ... ''ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിനിടെ പുറത്ത് എന്ത് സംഭവിക്കുന്നുവെന്ന് ഞാന്‍ ശ്രദ്ധിക്കുന്നില്ല.  എന്നാല്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്, പാക്കിസ്ഥാന്‍ ആരാധകരുടെ പിന്തുണ ഇന്ത്യന്‍ ടീമിനായിരിക്കുമെന്ന്. ഇത് അപൂര്‍വമായി സംഭവിക്കുന്ന കാര്യമാണ്. ചിരിച്ചുകൊണ്ടാണ് കോലി ഇക്കാര്യം വ്യക്തമാക്കിയത്.

വിജയ് ശങ്കറിന് പരിക്കേറ്റതോടെയാണ് ഋഷഭ് പന്തിന് ടീമില്‍ സ്ഥാനം ലഭിച്ചത്. ഭയമില്ലാതെ കളിക്കുന്ന താരമാണ് പന്ത്. മാത്രമല്ല ചെറിയ ബൗണ്ടറികളാണിവിടെ. 20 റണ്‍സ് നേടാന്‍ സാധിച്ചാല്‍ പിന്നീടത് വലിയ സ്‌കോറാക്കാന്‍ പന്തിന് സാധിക്കും.'' കോലി പറഞ്ഞു നിര്‍ത്തി.