Asianet News MalayalamAsianet News Malayalam

സെമി ഫൈനലിന് സമ്മര്‍ദ്ദം കൂടും; കിവീസിനെതിരായ ഗെയിം പ്ലാനിനെ കുറിച്ച് കോലി

ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമി ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടും. ലോകകപ്പ് ചരിത്രത്തില്‍ എട്ടാം സെമിയാണ് ന്യൂസിലന്‍ഡിന്. ഏഴാം തവണയാണ് ഇന്ത്യ സെമി കളിക്കുന്നത്. രസകരമായ വസ്തുത, 11 വര്‍ഷം മുന്‍പ് അണ്ടര്‍ 19 ലോകകപ്പില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നിരുന്നുവെന്നതാണ്.

Virat Kohli says I am satisfied with my performance
Author
Manchester, First Published Jul 8, 2019, 5:59 PM IST

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമി ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടും. ലോകകപ്പ് ചരിത്രത്തില്‍ എട്ടാം സെമിയാണ് ന്യൂസിലന്‍ഡിന്. ഏഴാം തവണയാണ് ഇന്ത്യ സെമി കളിക്കുന്നത്. രസകരമായ വസ്തുത, 11 വര്‍ഷം മുന്‍പ് അണ്ടര്‍ 19 ലോകകപ്പില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നിരുന്നുവെന്നുള്ളതാണ്. അന്നും ഇന്ത്യയെ നയിച്ചത് വിരാട് കോലിയായിരുന്നു. ന്യൂസിലന്‍ഡിന്‍റെ ക്യാപ്റ്റന്‍ വില്യംസണും. ഇന്നും നായകന്‍മാര്‍ക്ക് മാറ്റമൊന്നുമില്ല. 

മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ കോലി ഇക്കാര്യം പറയുകയും ചെയ്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ തുടര്‍ന്നു... ''അന്ന് അണ്ടര്‍ 19 ലോകകപ്പ് കളിച്ച ചില താരങ്ങള്‍ ഇരു ടീമിലുമുണ്ട്. മറ്റു ടീമുകളിലും അന്ന് അണ്ടര്‍ 19 കളിച്ച ചില താരങ്ങളുണ്ട്. സുഖമുള്ള ഓര്‍മയാണത്. ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല സീനിയര്‍ ലോകകപ്പില്‍ ഇങ്ങനെ കളിക്കേണ്ടി വരുമെന്ന്. ഒരുപക്ഷേ വില്യംസണും. 

നാളെ വില്യംസണെ കാണുമ്പോള്‍ അണ്ടര്‍ 19 ലോകകപ്പിന്റെ കാര്യം സംസാരിക്കണം. 11 വര്‍ഷങ്ങള്‍ക്ക് ശേഷം സീനിയര്‍ ടീമിനെ നയിക്കേണ്ടി വരുന്നത് മനോഹര നിമിഷമായി തോന്നുന്നു.'' മലേഷ്യയില്‍ നടന്ന ലോകകപ്പില്‍ വില്യംസണിന്റെ വിക്കറ്റ് നേടിയത് കോലിയാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഓര്‍മിപ്പിച്ചു. 

എന്നാല്‍ കോലിക്ക് ഇക്കാര്യം ഓര്‍മയില്‍ പോലുമുണ്ടായിരുന്നില്ല. അദ്ദേഹം തുടര്‍ന്നു... ''അന്ന് ഞാനാണോ കെയ്നിന്‍റെ വിക്കറ്റ് നേടിയത്..? അക്കാര്യം ഓര്‍ക്കുന്നില്ല. എന്നാല്‍ അങ്ങനെയൊരു സംഭവം ഇനി നടക്കില്ല. നോക്കൗട്ട് മത്സരങ്ങള്‍ വളരെ വ്യത്യസ്തമാണ്. പ്രാഥമിക റൗണ്ടിലെ മത്സരങ്ങളെ പോലെ അല്ല. ഇവിടെ പരീക്ഷണങ്ങള്‍ നടക്കില്ല. ഒരു തീരുമാനവും ഒരിക്കലും പിഴയ്ക്കാന്‍ പാടില്ല. 

ഇപ്പോള്‍ ഞാന്‍ ടീമിന് വേണ്ടി നിര്‍വഹിക്കുന്ന റോളില്‍ സംതൃപ്തനാണ്. വ്യക്തിപരമായ നേട്ടങ്ങളില്‍ ശ്രദ്ധിക്കുന്നില്ല. രോഹിത് ശര്‍മയും ഇക്കാര്യം പറഞ്ഞിരുന്നു. നിലവില്‍ ലോകത്തെ മികച്ച ഏകദിന താരം രോഹിത് ശര്‍മയാണ്. ന്യൂസിലന്‍ഡ് സന്തുലിതമായ ടീമാണ്. സ്ഥിരയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. അച്ചടക്കത്തോടെ മാത്രമെ അവര്‍ക്കെതിരെ കളിക്കാന്‍ സാധിക്കൂ.

ഇന്ത്യയുടെ പ്ലയിങ് ഇലവനെ കുറിച്ച് അവസാന തീരുമാനം ആയിട്ടില്ല. കെ.എല്‍ രാഹുല്‍ ഓപ്പണറുടെ റോള്‍ ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. ശ്രീലങ്കയ്‌ക്കെതിരെ ഇക്കാര്യം തെളിയുകയുണ്ടായി. മത്സരത്തിന് സമ്മര്‍ദ്ദം കൂടുതലായിരിക്കും. ഏത് ടീമാണോ സമ്മര്‍ദ്ദത്തെ നന്നായി അതിജീവിക്കുന്നത്, അവര്‍ക്ക് തന്നെ വിജയസാധ്യത കൂടുതല്‍.'' കോലി പറഞ്ഞു നിര്‍ത്തി.

Follow Us:
Download App:
  • android
  • ios