മാഞ്ചസ്റ്റര്‍: സ്‌പിന്നര്‍മാര്‍ക്കെതിരെ സാവധാനം കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ബാറ്റിംഗ് ഇതിഹാസം വീരേന്ദര്‍ സെവാഗ്. എം എസ് ധോണി അടക്കമുള്ള താരങ്ങളുടെ സ്‌കോറിംഗ് വേഗക്കുറവിനെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നേരത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ എം എസ് ധോണിയുടെ പേര് പ്രത്യേകം എടുത്തുപറയാതെയാണ് വീരുവിന്‍റെ വിമര്‍ശനം. 

'ഇന്ത്യ- അഫ്‌ഗാന്‍ മത്സരത്തില്‍ റാഷിദ് ഖാന്‍ ആദ്യ നാല് ഓവറില്‍ 25 റണ്‍സാണ് വഴങ്ങിയത്. എന്നാല്‍ അടുത്ത ആറ് ഓവറില്‍ ഇന്ത്യ നേടിയത് വെറും 13 റണ്‍സ്. ഇന്ന് വിന്‍ഡീസ് താരം ഫാബിയന്‍ അലന്‍ അഞ്ച് ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്തു. എന്നാല്‍ അടുത്ത അഞ്ച് ഓവറില്‍ 18 റണ്‍സ് മാത്രമാണ് ഇന്ത്യ നേടിയത് സ്‌പിന്നര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ താരങ്ങള്‍ ഇത്രത്തോളം പ്രതിരോധം കാട്ടേണ്ട ആവശ്യമില്ലെന്നും' സെവാഗ് ട്വീറ്റ് ചെയ്തു. 

ഇന്ത്യയുടെ കഴിഞ്ഞ മത്സരങ്ങളിലും പ്രതിരോധിച്ച് കളിക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എം എസ് ധോണിയുടെയും കേദാര്‍ ജാദവിന്‍റെയും വേഗക്കുറവില്‍ അതൃപ്തിയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തി. ഇതിന് പിന്നാലെയാണ് വീരുവിന്‍റെ പ്രതികരണം. ഇന്ന് വിന്‍ഡീസിനെതിരെയും സാവധാനമാണ് തുടങ്ങിയതെങ്കിലും ധോണി 61 പന്തില്‍ 56 റണ്‍സെടുത്തു. ധോണിയുടെ അവസാന ഓവര്‍ വെടിക്കെട്ടാണ് ഇന്ത്യയെ 268/7 എന്ന ഭേദപ്പെട്ട സ‌കോറിലെത്തിച്ചത്.