അപ്രതീക്ഷിതമായിട്ടാണ് പാക്കിസ്ഥാന്‍ പേസര്‍ വഹാബ് റിയാസ് ലോകകപ്പ് ടീമിലേക്ക് മടങ്ങിയെത്തിയത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ മോശം ഫോമില്‍ കളിച്ച ജുനൈദ് ഖാന് പകരമായിട്ടാണ് റിയാസ് അന്തിമ ഇലവനില്‍ സ്ഥാനം പിടിച്ചത്.

ലണ്ടന്‍: അപ്രതീക്ഷിതമായിട്ടാണ് പാക്കിസ്ഥാന്‍ പേസര്‍ വഹാബ് റിയാസ് ലോകകപ്പ് ടീമിലേക്ക് മടങ്ങിയെത്തിയത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ മോശം ഫോമില്‍ കളിച്ച ജുനൈദ് ഖാന് പകരമായിട്ടാണ് റിയാസ് അന്തിമ ഇലവനില്‍ സ്ഥാനം പിടിച്ചത്. ആശ്ചര്യത്തോടെയാണ് വഹാബ് റിയാസിന്റെ തിരിച്ചുവരവിനെ ക്രിക്കറ്റ് ലോകം നേരിട്ടത്.

ഒരിക്കല്‍ പാക് ക്രിക്കറ്റ് ടീം കോച്ച് മിക്കി അര്‍തര്‍ തന്നെ വഹാബ് റിയാസിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്തിരുന്നു. 2017 ചാംപ്യന്‍സ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കെതിരെയാണ് റിയാസ് അവസാനമായി പാക്കിസ്ഥാന്റെ ഏകദിന ജേഴ്‌സി അണിഞ്ഞത്. അന്ന് ഒമ്പത് ഓവര്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ റിയാസ് 87 റണ്‍സ് വഴങ്ങിയിരുന്നു. അന്ന് കോച്ച് പറഞ്ഞതിനുള്ള മറുപടി ലോകകപ്പില്‍ നല്‍കുമെന്നണ് റിയാസ് പറയുന്നത്.

താരം തുടര്‍ന്നു... എത്ര വിഷമകരമായ സാഹചര്യത്തിലൂടെയാണ് ഞാന്‍ കടന്നുപോയതെന്ന് വിശദീകരിക്കാനാവില്ല. എന്നാല്‍ ഞാന്‍ കഴിഞ്ഞകാലത്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ ലോകകപ്പിനെ കുറിച്ച് മാത്രമാണ് ചിന്ത. എല്ലാ ടീമിന്റെയും കോച്ചുമാരും ആഗ്രഹിക്കുന്നത് താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കണമെന്നാണ്. അര്‍തറും ആഗ്രഹിച്ചതും അതുതന്നെ. എന്നാലിപ്പോള്‍ രണ്ട് വര്‍ഷത്തിന് ശേഷം എനിക്ക് ടീമിലേക്ക് തിരിച്ചെത്താനായി. തീരുമാനത്തെ സാധൂകരിക്കുന്ന പ്രകടനം പുറത്തെടുക്കണം. കോച്ചിന് മുന്നില്‍ എന്റെ കഴിവ് തെളിയിക്കുമെന്നും വഹാബ് റിയാസ് കൂട്ടിച്ചേര്‍ത്തു.