മുംബൈ: ലോകകപ്പ് സെമിയില്‍ തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ രോഹിത് ശര്‍മ്മയെ നായകനാക്കണം എന്ന ആവശ്യവുമായി മുന്‍ താരം വസീം ജാഫര്‍. അടുത്ത ലോകകപ്പില്‍(2023) രോഹിത് ശര്‍മ്മ ഇന്ത്യയെ നയിക്കണം എന്നാണ് ജാഫറിന്‍റെ നിലപാട്.

'ഏകദിനത്തിലും ടി20യിലും നായകസ്ഥാനം രോഹിത്തിന് കൈമാറാന്‍ ഉചിതമായ സമയമാണോ ഇത്? രോഹിത് ഇന്ത്യയെ 2023 ലോകകപ്പില്‍ നയിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു'- മുന്‍ ഇന്ത്യന്‍ ടെസ്റ്റ് താരം ട്വീറ്റ് ചെയ്തു. ലോകകപ്പ് സെമിയില്‍ കിവീസിനോട് ഇന്ത്യ പരാജയപ്പെട്ടതോടെ രോഹിത് നായകനാകണം എന്ന ആവശ്യം ഒരു വിഭാഗം ആരാധകര്‍ ഉയര്‍ത്തിയിരുന്നു. 

ഇതേസമയം രോഹിത് ശര്‍മ്മയെ ഉടന്‍ തന്നെ ഇന്ത്യന്‍ നായകനായി കാണാന്‍ ആരാധകര്‍ക്ക് സാധിച്ചേക്കും. ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഏകദിന, ടി20 പരമ്പരകളില്‍ ഹിറ്റ്‌മാന്‍ നയിക്കാന്‍ സാധ്യതയുണ്ട്. സ്ഥിരം നായകന്‍ വിരാട് കോലിക്ക് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ വിശ്രമം അനുവദിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.