ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ രണ്ടാം സെമിയും വിവാദ പുറത്താകല്‍ കൊണ്ട് ചര്‍ച്ചയായി.
ബര്‍മിംഗ്‌ഹാം: ലോകകപ്പില്‍ എം എസ് ധോണിയുടെ പുറത്താകലിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഒന്നാം സെമിയെ വലിയ ചര്‍ച്ചയാക്കിയിരുന്നു. ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ രണ്ടാം സെമിയും വിവാദ പുറത്താകല്‍ കൊണ്ട് ചര്‍ച്ചയായി. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഇംഗ്ലീഷ് ഓപ്പണര്‍ ജാസന്‍ റോയ്‌യാണ് അംപയറുടെ തെറ്റായ തീരുമാനത്തില്‍ പുറത്തായത്.
ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിന്‍റെ ബൗണ്‍സര്‍ ഫൈന്‍ ലെഗിലേക്ക് കളിക്കാനായിരുന്നു റോയ്‌യുടെ ശ്രമം. പന്ത് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി കൈപ്പിടിയിലൊതുക്കിയെങ്കിലും ബാറ്റിലുരസിയിരുന്നില്ല. എന്നാല്‍ അംപയര്‍ ഔട്ട് വിധിച്ചു. ഡിആര്‍എസ് ആവശ്യപ്പെടാന്‍ ഇംഗ്ലണ്ടിന് അവസരം ബാക്കിയുണ്ടായിരുന്നില്ല. പുറത്താകുമ്പോള്‍ 65 പന്തില്‍ 85 റണ്‍സാണ് റോയ് നേടിയത്. അംപയര്‍മാരോട് പ്രതിഷേധം അറിയിച്ചായിരുന്നു റോയ്‌യുടെ മടക്കം.
ഓസീസ് ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് അനായാസം എട്ട് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കി ഫൈനലിലെത്തി. റോയ്(85), ബെയര്‍സ്റ്റോ(34), റൂട്ട്(49*), മോര്‍ഗന്‍(45*) എന്നിങ്ങനെയാണ് ഇംഗ്ലീഷ് താരങ്ങളുടെ സ്‌കോര്‍. നേരത്തെ അര്‍ധ സെഞ്ചുറി നേടിയ സ്റ്റീവ് സ്‌മിത്താണ്(85) ഓസ്‌ട്രേലിയയെ 223 റണ്‍സിലെത്തിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ക്രിസ് വോക്‌സ് കളിയിലെ താരമായി.
ഇന്ത്യ- കിവീസ് സെമിയിലെ ധോണിയുടെ റണ്ണൗട്ടിനെ ചൊല്ലിയുള്ള വിവാദം ഇങ്ങനെ. ധോണി റണ്ണൗട്ടായ പന്തെറിയുന്നതിന് തൊട്ടുമുമ്പുള്ള പന്തില്‍ ന്യൂസിലന്‍ഡ് ആറ് ഫീല്‍ഡര്‍മാരെ ബൗണ്ടറിയില്‍ നിര്‍ത്തിയിരുന്നു. അവസാന പത്തോവര്‍ പവര്‍ പ്ലേയില്‍ അഞ്ച് ഫീല്‍ഡര്‍മാരാണ് ബൗണ്ടറി ലൈനില്‍ അനുവദനീയമായിട്ടുള്ളത്. ഫ്രീ ഹിറ്റായി ലഭിച്ച പന്തായിരുന്നെങ്കില്‍ ധോണി രണ്ടാം റണ്ണിനായി ഓടി റണ്ണൗട്ടാവേണ്ടി വരില്ലായിരുന്നു എന്നാണ് വാദം.
