ടോന്റണ്‍: ബംഗ്ലാദേശ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരമാരെന്ന് ചോദിച്ചാല്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നല്ലാതെ മറ്റൊരു ഉത്തരം നല്‍കാനാവില്ല. 202 മത്സരങ്ങളില്‍ നിന്ന് 6000 റണ്‍സും 254 വിക്കറ്റും താരത്തിന്റെ പേരിലുണ്ട്. 384 റണ്‍സോടെ ഈ ലോകകപ്പില്‍ ടോപ് സ്‌കോററും ഷാക്കിബ് തന്നെ. കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരെയും ഷാക്കിബ് സെഞ്ചുറി സ്വന്തമാക്കി. ഈ ലോകകപ്പില്‍ അദ്ദേഹത്തിന്റെ രണ്ടാം സെഞ്ചുറി. ലോകകപ്പില്‍ ബംഗ്ലാദേശിന്റെ സാധ്യതകളത്രെയും ഷാക്കിബിന്റെ ചുമലിലാണ്. 

വിന്‍ഡീസിനെതിരെ 124 റണ്‍സും രണ്ട് വിക്കറ്റുമാണ് ഷാക്കിബ് നേടിയത്. ലോകകപ്പിലെ രണ്ടാം സെഞ്ചുറി നേടിയിട്ടും അമിത ആഘോഷത്തിനൊന്നും ഷാക്കിബ് മുതിര്‍ന്നില്ല. ഒരു ചെറുപുഞ്ചിരിയുടെ സഹതാരം ലിറ്റണ്‍ ദാസിനടുത്തേക്ക് നടന്നുചെന്ന ഷാക്കിബ് പതിയെ ബാറ്റുയര്‍ത്തുക മാത്രമാണ് ചെയ്തത്. ഹെല്‍മെറ്റ് പോലും അഴിച്ചിരുന്നില്ല. ലിറ്റണ്‍ ദാസിനെ ഒന്ന് കെട്ടിപ്പിടിക്കുകയും ചെയ്തു. സെഞ്ചുറി ആഘോഷത്തിന്റെ വീഡിയോ കാണാം. 

വ്യക്തിഗതനേട്ടങ്ങളേക്കാള്‍ വലുതാണ് ടീമിന്റെ ജയം പൂര്‍ത്തിയാക്കുക എന്ന തിരിച്ചറിവിലേക്ക് വളര്‍ന്നിരിക്കുന്നു ലോക ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍. ദക്ഷിണാഫ്രിക്കയ്ക്കും ന്യുസീലന്‍ഡിനും എതിരെ അര്‍ധസെഞ്ച്വറി. ഇംഗ്ലണ്ടിനും വിന്‍ഡീസിനുമെതിരെ രണ്ടാമത് ബാറ്റ് ചെയ്യുന്‌പോള്‍ സെഞ്ച്വറി. ഇപ്പോള്‍ തന്നെ ലോകകപ്പിന്റെ താരമായി മാറിക്കഴിഞ്ഞു ഷാക്കിബ്. 

2006ല്‍ ദേശീയ ടീമിലെത്തിയിട്ടും ബാറ്റിംഗ് ക്രമത്തില്‍ നേരത്തേ  അയക്കണമെന്ന ഷാക്കിബിന്റെ ആവശ്യം പലപ്പോഴും ടീം മാനേജ്‌മെന്റ് അംഗീകരിച്ചിരുന്നില്ല. ലോകകപ്പിലെങ്കിലും അനുകൂല തീരുമാനം ഉണ്ടാകണമെന്ന ഷാക്കിബിന്റെ പിടിവാശി വഴിത്തിരിവായി. ഇതുവരെയുള്ള പ്രകടത്തില്‍ ഒട്ടും തൃപ്തനല്ലെന്ന് ഷാക്കിബ് പറയുമ്പോള്‍ കൂടുതല്‍ അട്ടിമറികള്‍ സ്വപ്നം കാണുകയാണ് ബംഗ്ലാദേശ് ആരാധകര്‍.