മാഞ്ചസ്റ്റര്‍: പാക്കിസ്ഥാനെ ലോകകപ്പില്‍ ഇതിലും മികച്ച സ്‌കോര്‍ ഇന്ത്യക്ക് നേടാമായിരുന്നു എന്ന് കരുതുന്നവരുണ്ട്. മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 335 റണ്‍സാണ് ഇന്ത്യ നേടിയത്. രോഹിത് ശര്‍മയുടെ സെഞ്ചുറിയും കെ.എല്‍ രാഹുല്‍, വിരാട് കോലി എന്നിവരുടെ അര്‍ധ സെഞ്ചുറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. എന്നാല്‍ 48ാം ഓവറില്‍ കോലി മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി.

77 റണ്‍സുമായി കോലി മടങ്ങുമ്പോള്‍ 14 പന്തുകള്‍ ബാക്കിയുണ്ടായിരുന്നു. പാക് പേസര്‍ മുഹമ്മദ് ആമിറിന് ഹുക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മടങ്ങുന്നത്. കോലിയുടെ തലയ്ക്ക് മുകളിലൂടെ പോയ പന്തില്‍ പാക് വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് അഹമ്മദ് ക്യാച്ചെടുക്കുകയായിരുന്നു. എന്നാല്‍ പന്ത് ബാറ്റില്‍ തട്ടിയില്ലെന്ന് വീഡിയോയില്‍ വ്യക്തമായി കാണാമായിരുന്നു.

ഇന്ത്യയുടെ കൈവശം റിവ്യൂ ഉണ്ടായിരുന്നിട്ടും അതെടുക്കാന്‍ കോലി തയ്യാറായില്ല. അമ്പയര്‍ വിരല്‍ ഉയര്‍ത്താന്‍ തയ്യാറായിരുന്നില്ല. സര്‍ഫറാസ് അപ്പീലിനും മുതിര്‍ന്നിരുന്നില്ല. എന്നാല്‍ കോലി പവലിയനിലേക്ക് മടങ്ങുകയായിരുന്നു. സ്‌നിക്കോയിലും കോലി ഔട്ടല്ലെന്ന് തെളിഞ്ഞിരുന്നു. ഒരുപക്ഷെ കോലി ക്രീസിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ 350 കടക്കുമായിരുന്നു. കോലിക്ക് ശേഷം ക്രീസിലുണ്ടായിരുന്നു കേദാര്‍ ജാദവിനും വിജയ് ശങ്കറിന് പിന്നീട് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞതുമില്ല.