ബിര്‍മിംഗ്ഹാം: മഴ കളിച്ച ലോകകപ്പ് എന്ന് ഇംഗ്ലണ്ടിലെ വിശ്വപോരാട്ടത്തെ വിശേഷിപ്പിക്കാം. ഏറെ കാത്തിരുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടം വരെ മഴ കൊണ്ട് പോയി. അവസാന നാലില്‍ എത്തുന്ന ടീമുകളുടെ കാര്യത്തില്‍ അടക്കം മഴ വലിയ ഘടകമായി മാറി.

ഇപ്പോള്‍ ലോകം എങ്ങുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനാണ്. അതിലും മഴയുടെ ഇടപെല്‍ ഉണ്ടാകുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ആശങ്കപ്പെടുന്നത്. എന്നാല്‍, ഇപ്പോള്‍ ബര്‍മിംഗ്ഹാമില്‍ നിന്ന് ലഭിക്കുന്നത് സന്തോഷ വാര്‍ത്തകളാണ്.

യുകെയിലെ ചില ഭാഗങ്ങളില്‍ മഴയ്ക്കുള്ള സാധ്യതയുണ്ടെങ്കിലും ഇന്ത്യ-ഇംഗ്ലണ്ട് മത്സരം നടക്കുന്ന ബിര്‍മിംഗ്ഹാമില്‍ തെളിഞ്ഞ കാലാവസ്ഥയാകുമെന്നാണ് പ്രവചനം. ഈ മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് ആധികാരികമായി തന്നെ സെമി പ്രവേശനം ഉറപ്പിക്കാം.

എന്നാല്‍, ഇംഗ്ലണ്ടിന്‍റെ അവസ്ഥ അതല്ല. ഇന്ത്യയുമായി തോല്‍ക്കുന്നത് ഇംഗ്ലണ്ടിന് ചിന്തിക്കാന്‍ പോലുമാകില്ല. ഇത് മാത്രമല്ല, ന്യൂസിലന്‍ഡിനെതിരെയുള്ള അടുത്ത കളിയും വിജയിക്കണം. ഇനി ഒരു മത്സരം തോറ്റാല്‍ പാക്കിസ്ഥാനും ബംഗ്ലാദേശും അടക്കമുള്ള ടീമുകളുടെ മത്സരഫലം പോലെയിരിക്കും ആതിഥേയരുടെ ഭാവി.